പെട്രോള്‍ പമ്പില്‍ ജോലിക്കെത്തിയയാള്‍ 15000 രൂപയുമായി മുങ്ങിയതായി പരാതി

പെട്രോള്‍ പമ്പില്‍ ജോലിക്കെത്തിയയാള്‍ പണവുമായി മുങ്ങിയതായി പരാതി. തിരുവനന്തപുരം ആറ്റിങ്ങല്‍ ഇന്ത്യന്‍ ഓയില്‍ പമ്പിലാണ് സംഭവം. ജോലിക്കു കയറിയ ആദ്യ ദിവസം തന്നെ 15000 രൂപയുമായി കടന്നു കളഞ്ഞെന്നാണ് പരാതി.
വര്‍ക്കല സ്വദേശിയെന്ന പേരില്‍ എത്തിയ ഉണ്ണികൃഷ്ണന്‍ എന്നയാളാണ് പെട്രോള്‍ പമ്പില്‍ ജോലിക്ക് കയറി പണവുമായി കടന്ന് കളഞ്ഞത്. ഇന്നലെ രാവിലെയാണ് പമ്പിലെ ക്യാഷിയറായി ഇയാള്‍ ജോലിക്ക് കയറിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ബാത്‌റൂമില്‍ പോയിട്ടുവരാം എന്ന് പറഞ്ഞ് പോയ ഇയാളെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതായപ്പോള്‍ പമ്പ് ഉടമ അന്വേഷിച്ച് പോവുകയായിരുന്നു. അവിടെ കാണാതായതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് മനസിലായത്.
ഉടനെ പമ്പ് ഉടമ ക്യാഷ് കൗണ്ടര്‍ പരിശോധിച്ചു.15,000 രൂപയുടെ കുറവുള്ളതായി കണ്ടെത്തുകയും ചെയ്തു.ഇയാള്‍ ജോലിക്ക് കയറുന്ന സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറില്‍ ഉടമ ബന്ധപ്പെട്ടു. അപ്പോള്‍ അത് ഉണ്ണികൃഷ്ണന്‍ എന്നയാളല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് സ്റ്റേറ്റഷനില്‍ പരാതി നല്‍കുകയായിരുന്നു.