യുവനടിയുടെ പരാതി ; ലൈംഗികാതിക്രമ കേസിൽ രഞ്ജിത്തിനെതിരായ പൊലീസ് നീക്കം അതീവ രഹസ്യമായി, ഇത് മൂന്നാ​മത്തെ കേസ്

Young actress' complaint; Police action against Ranjith in sexual assault case kept top secret, this is the third case

കൊച്ചി : യുവനടിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് റിമാൻഡിലായ സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ
 രഞ്ജിത്തിനെതിരായ പൊലീസ് നീക്കങ്ങളെല്ലാം അതീവ രഹസ്യമായിരുന്നു. നടന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന രഞ്ജിത്തിനെ തൊടുപുഴയിൽവെച്ച് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് കൊച്ചിയിൽ എത്തിച്ച് ഇന്നുരാവിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്ത രഞ്ജിത്തിനെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ജയി​ലിലേക്ക് കൊണ്ടുപോകുന്നതിനിടെ എല്ലാം തെളിയുമെന്നായിരുന്നു മാധ്യമ​ങ്ങളോടുള്ള രഞ്ജിത്തിന്റെ പ്രതികരണം. കാരവനിൽവെച്ച് കയറിപിടിച്ചെന്നായിരുന്നു യുവനടിയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേൃത്വത്തിലായിരുന്നു അ​ന്വേഷണം. അറസ്റ്റ് വിവരം രഹസ്യമായിരിക്കാൻ ജാഗ്രതയോടെയായിരുന്നു പൊലീസിന്റെ ഇടപെടൽ. രഞ്ജിത്തിന്റെ ഏറ്റവും പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയിരിക്കുന്നത്.

നേരത്തേ രഞ്ജിത്തിനെതിരെ രണ്ടു ലൈംഗിക പീഡന പരാതികൾ ഉയർന്നിരുന്നു. പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയിൽ അഭിനയിക്കാൻ വന്ന ബംഗാളി നടിയോട് അപമര്യാദയായി പെരുമാറി എന്നതായിരുന്നു ആദ്യ പരാതി. സിനിമയിൽ അഭിനയിക്കാ​നെത്തിയപ്പോൾ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നായിരുന്നു വെളിപ്പെടുത്തൽ. ശരീരത്തിൽ മോശമായി സ്പർശിച്ചു. തുടർന്ന് മുറിയിൽനിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നും നടി മൊഴി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പുറത്തുവന്നതിന് പിന്നാലെയുള്ള ആദ്യ പരാതിയായിരുന്നു ഇത്. തുടർന്ന് കേരള ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവെച്ചിരുന്നു. എന്നാൽ, 2025 ഒക്ടോബറിൽ രഞ്ജിത്തിന്റെ ഹരജിയിൽ നടിയുടെ കേസ് ഹൈകോടതി റദ്ദാക്കുകയായിരുന്നു. 2009ൽ നടന്ന സംഭവത്തിൽ​ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി കേസ് റദ്ദാക്കിയത്. എന്നാൽ, ബംഗാളി നടി കള്ളം പറയുകയാണെന്നായിരുന്നു ഈ കേസിൽ രഞ്ജിത്തിന്റെ പ്രതികരണം.

​ബംഗളൂരുവിൽവെച്ച് പീഡിപ്പിച്ചുവെന്ന് കാട്ടി കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയായിരുന്നു രഞ്ജിത്തിനെതിരായ രണ്ടാമത്തെ കേസ്. ബാവുട്ടിയുടെ നാമത്തിൽ സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട ശേഷം ​ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ​പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങൾ എടുത്തെന്നുമായിരുന്നു യുവാവിന്റെ പരാതി. എന്നാൽ ആക്രമണം നടന്ന് 12 വർഷത്തിന് ശേഷമാണ് യുവാവ് പരാതി നൽകിയതെന്നും ആരോപണങ്ങളിൽ വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടി കർണാടക ഹൈകോടതി കേസ് റദ്ദാക്കുകയായിരുന്നു. 

Tags