പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതി ; മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്തു

കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. മുസ്ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ് മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. പൊലീസ് നടപടിക്ക് പിന്നാലെ മുഹമ്മദ് കുഞ്ഞിയെ മുസ്ലീം ലീഗ് പുറത്താക്കി.
കഴിഞ്ഞ മാസം 11 നാണ് കേസിന് ആസ്പദമായ സംഭവം. വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ ഭാഗമായുള്ള ഓഫീസിനകത്ത് വെച്ച് ലഹരി മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പതിനാറുകാരന്റെ മൊഴി. മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞിക്ക് പുറമെ മറ്റൊരാള്‍ കൂടി പീഡിപ്പിച്ചതായും മൊഴിയില്‍ പറയുന്നു.
പീഡന വിവരം ബന്ധുക്കളോടാണ് കുട്ടി ആദ്യമായി പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം ആദൂര്‍ പൊലീസ് കേസെടുത്തത്.പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.