വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻതോതിൽ ഭൂമി കയ്യേറ്റം നടന്നതായി പരാതി ;റവന്യൂ സംഘം സ്ഥലത്തെത്തി മിന്നൽ പരിശോധന
പീരുമേട്: വാഗമണ്ണിലെ അപൂർവ ജൈവവൈവിധ്യമുള്ള മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻതോതിൽ ഭൂമി കയ്യേറ്റം നടന്നെന്ന പരാതിയിൽ റവന്യൂ സംഘം സ്ഥലത്തെത്തി മിന്നൽ പരിശോധന നടത്തി. പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിൽ സർവേ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധനയ്ക്കായി എത്തിയത്.
പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്തെ 11 ഏക്കറോളം വരുന്ന ഭൂമിയിലാണ് അനധികൃതമായി റോഡിനായി സ്ഥലം വെട്ടി നിരപ്പാക്കിയിരിക്കുന്നത്. കൂടാതെ സ്ഥലത്ത് വലിയ കുളം കുഴിക്കുകയും വൻതോതിൽ പാറ പൊട്ടിച്ചു നീക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാരണവശാലും പട്ടയം നൽകാൻ അനുമതിയില്ലാത്ത ഇത്തരം മൊട്ടക്കുന്നുകൾ വ്യാജ രേഖകളുടെ മറവിലാണ് കൈയേറുന്നതെന്ന ആരോപണം ശക്തമാണ്. എന്നാൽ ഈ പ്രദേശത്ത് 2001-ൽ പട്ടയം നൽകിയതായി രേഖകളിലുണ്ടെന്ന് ഭൂരേഖ തഹസിൽദാർ പ്രതികരിച്ചു. എന്നാൽ പട്ടയത്തിന്റെ സത്യാവസ്ഥയും അനുമതിയില്ലാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളും റവന്യൂ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
.jpg)

