മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയ വ്‌ലോഗര്‍ക്കെതിരെ പരാതി
ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണമെന്നായിരുന്നു ഇയാളുടെ ആഹ്വാനം.
മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയ വ്‌ലോഗര്‍ക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ. സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി നടത്തിയ വ്‌ലോഗര്‍ നിസാമിനെതിരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നല്‍കിയത്.
ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണമെന്നായിരുന്നു ഇയാളുടെ ആഹ്വാനം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ ആഹ്വാനം നടത്തിയത്. ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരം അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നത് തികച്ചും അപലപനീയവും നിയമവിരുദ്ധവുമാണെന്ന് കെയുഡബ്ല്യുജെ പരാതിയില്‍ പറഞ്ഞു. സമൂഹത്തില്‍ ബോധപൂര്‍വം വിദ്വേഷം പടര്‍ത്താനും മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഭീഷണിയുണ്ടാക്കാനും ശ്രമിച്ച വ്‌ലോഗര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
.jpg)

