പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവെന്ന് പരാതി; സ്ട്രോക്ക് തിരിച്ചറിയാതെ 56-കാരന്റെ കാൽ മുറിച്ചുമാറ്റി

Complaint alleging medical malpractice at Paravur Taluk Hospital; 56-year-old's leg amputated after stroke not diagnosed

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഗുരുതരമായ ചികിത്സാപിഴവുണ്ടായതായി പരാതി. സ്ട്രോക്ക് വന്നത് തിരിച്ചറിയാതെ ചികിത്സ വൈകിച്ചതിനെ തുടർന്ന് കാലിന്റെ ചലനശേഷി നഷ്ടപ്പെടുകയും പിന്നീട് കാൽ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്തെന്നാണ് ആരോപണം. കുന്നുകര സ്വദേശിയായ അബ്ദുൽ ജബ്ബാർ (56) ആണ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 26-ന് കാലിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അബ്ദുൽ ജബ്ബാർ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഈ സമയത്ത് ആശുപത്രിയിൽ എം.ബി.ബി.എസ് വിദ്യാർത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും, വേദന സംഹാരി മരുന്നുകൾ നൽകി ഇദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു എന്നും പറയുന്നു. രാത്രി വേദന സഹിക്കാനാവാതെ വീണ്ടും ആശുപത്രിയിൽ എത്തിയെങ്കിലും അപ്പോഴും വേദന സംഹാരികൾ മാത്രം നൽകി തിരിച്ചയക്കുകയായിരുന്നു.

പിറ്റേന്ന് വീണ്ടും ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കാലിനെ ബാധിച്ച സ്ട്രോക്ക് (Vascular Stroke) ആണെന്ന് തിരിച്ചറിഞ്ഞത്. ആദ്യ മണിക്കൂറുകളിൽ കൃത്യമായ ചികിത്സ ലഭിക്കാതിരുന്നതിനാൽ കാലിന്റെ ചലനശേഷി പൂർണമായും നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും വിദഗ്ധ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാൻ കാൽ മുറിച്ചുമാറ്റേണ്ടി വന്നു. സംഭവം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരാതി ഒതുക്കിതീർക്കാനുള്ള ശ്രമമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അബ്ദുൽ ജബ്ബാർ ആരോപിച്ചു.

Tags