ഒരു പെൺകുട്ടിയും എനിക്കെതിരെപരാതി നൽകിയിട്ടില്ല, അവിഹിതമായി ഗർഭം ഉണ്ടാക്കിയിട്ടുമില്ല : രാജ് മോഹൻ ഉണ്ണിത്താൻ

rajmohan unnithan
rajmohan unnithan

ന്യൂഡൽഹി: തനിക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് പൂർണമായും ബോധ്യമുണ്ടെന്നും സൈബർ ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരുത്തില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. തന്നെപ്പോലുള്ളവരെ പാർലമെന്റ് അംഗങ്ങളാക്കിയ സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന അവസരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ. അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടാൻ ഒരു നേതാവും തയാറാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">

കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണം. അതിൽ നിന്ന് വ്യതിചലിക്കാൻ പാടില്ലെന്നും എംപി പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം താൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

പറയാനുള്ളത് എല്ലാം പറയൂ എന്ന ജോൺ ബ്രിട്ടാസിന്റെ പരാമർശത്തോട് ബ്രിട്ടാസിന് തന്നോട് ഇത്രമേൽ ഇഷ്ടമുണ്ടെന്ന് കഴിഞ്ഞ ദിവസം അറിഞ്ഞതായും എം.പി പരിഹസിച്ചു. ബ്രിട്ടാസിന്റെ പാർട്ടിയാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്. എല്ലാ തരത്തിലുള്ള വിചാരണയും താൻ നേരിട്ടു. ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും അവിഹിതമായ മാർഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിക്ക് വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. ഒരു വ്യക്തിക്ക് വേണ്ടി പ്രസ്ഥാനത്തെ ബലി കഴിക്കണോ എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. ഇത് പാർട്ടിയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. നിലവിൽ പൊതുസമൂഹത്തിൽ പാർട്ടിക്ക് ഒരു നിലയും വിലയും ഉണ്ട്. ഇത് നഷ്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കോൺഗ്രസിൽ വ്യക്തിത്വമുളളവരെ സൈബർ ആക്രമണത്തിലൂടെ കീഴ്‌പ്പെടുത്തി വായടപ്പിക്കാനാണ് ശ്രമമെങ്കിൽ കൂടുതൽ കാര്യങ്ങൾ ഞാൻ പറയും. എനിക്കെതിരെ സൈബർ ആക്രമണം തുടർന്നാൽ പത്രസമ്മേളനം നടത്തി പറഞ്ഞിരിക്കും. എന്നെക്കൊണ്ട് പറയിപ്പിക്കരുത്. അനാവശ്യമായി പ്രകോപിപ്പിക്കരുത്. ഒരുപാട് കേസുകളുണ്ട്. ആ കേസുകളെക്കുറിച്ച് എല്ലാമറിയാവുന്ന ആളാണ് ഞാൻ. സൈബർ ആക്രമണം തുടർന്നാൽ വാർത്താസമ്മേളനം നടത്തി ഞാൻ എല്ലാം പറയും': രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

എനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് മാർക്‌സിസ്റ്റുകാർ അല്ല. ബി.ജെ.പിക്കാരുമല്ല. ഇത്രയും പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടിയിലെ ചിലരാണ്. സോളാർ കേസ് വന്നപ്പോൾ രാജ്‌മോഹൻ ഉണ്ണിത്താനെ ഉണ്ടായിരുന്നുള്ളൂ കോൺഗ്രസിന്റെ മുഖം രക്ഷിക്കാൻ. പല കാര്യങ്ങളും പറയേണ്ടി വരും. ഇപ്പോൾ പാർട്ടിയുടെ പാരമ്പര്യത്തിനും പൈതൃകത്തിനും എതിരായാണ് സംഭവിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശി കൊണ്ട് വീക്ഷണം പത്രത്തിൽ വന്ന എഡിറ്റോറിയൽ ജനം പരമപുച്ഛത്തോടെ തള്ളും'- രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

'ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കും. രമേശ് ചെന്നിത്തല പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഇതൊരു കേസ് മാത്രമല്ല. ഒരുപാട് കേസുകൾ ഉണ്ട്. എല്ലാ കേസുകളെയും കുറച്ച് അറിയാവുന്ന ആൾ ആണ് ഞാൻ. രാഹുലിനെതിരെ ഒരുപാട് പരാതികൾ ഉണ്ട്. ഇനിയും എനിക്കെതിരെ സൈബർ ആക്രമണം തുടർന്നാൽ ഞാൻ രാഹുലിന്റെ എല്ലാ രഹസ്യങ്ങളും പുറത്തുവിടും. എനിക്ക് ആരെയും പേടിക്കേണ്ട ആവശ്യമില്ല. ഞാൻ സൈബർ ആക്രമണത്തെ ഭയക്കുന്ന ആളല്ല. ഞാൻ രാഷ്ട്രീയം ഉപജ്ജീവനമാക്കിയ ആളല്ല. അതുകൊണ്ട് എല്ലാ സ്ഥാനങ്ങളും ത്യജിക്കേണ്ടി വന്നാലും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കും. ഇനി പറയിപ്പിക്കാനാണ് ഭാവമെങ്കിൽ പറഞ്ഞിരിക്കും. ഇതിന്റെ പിന്നിൽ ആര് ആണെന്ന് എല്ലാവർക്കും അറിയാം.'- രാജ് മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെയും കെ.സുധാകരനെയും രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ രാജ്മോഹൻ ഉണ്ണിത്താനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു രാജ്മോഹൻറെ പ്രതകരണം.

നേരത്തേ രാഹുൽ മാങ്കൂട്ടത്തിൽ വടി കൊടുത്ത് അടി വാങ്ങുകയായിരുന്നുവെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞിരുന്നു. ഇരയോട് അപമര്യാദയായി പെരുമാറുകയും മാധ്യമങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുകയായിരുന്നു രാഹുൽ എന്നാണ് അദ്ദേഹം പറഞ്ഞത്.

Tags