പരസ്യത്തില്‍ പറഞ്ഞ വാഗ്ദാനം സ്ഥാപനത്തില്‍ ചെന്നപ്പോള്‍ ഇല്ലെന്ന പരാതി; മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി
പരാതിക്കാരനും മോഹന്‍ലാലും തമ്മില്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് ഒരു ഇടപാടും നടന്നിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കിയത്.
പരസ്യത്തില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന മോഹന്‍ലാലിനെതിരെ ഉപഭോക്താവ് നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ പരസ്യത്തില്‍ പറഞ്ഞ വാഗ്ദാനം പാലിച്ചില്ല എന്നായിരുന്നു പരാതി. തിരുവനന്തപുരം സ്വദേശിയുടേതായിരുന്നു പരാതി.
tRootC1469263">മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസ് റദ്ദാക്കിയുളള ഉത്തരവ് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ അഭിനയിച്ച പരസ്യത്തില്‍ 12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ നല്‍കും എന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് തിരുവനന്തപുരം സ്വദേശി സ്ഥാപനത്തില്‍ സ്വര്‍ണം പണയം വെച്ചു. എന്നാല്‍ വായ്പയെല്ലാം തിരിച്ചടച്ച ശേഷം സ്വര്‍ണപണയം എടുത്തുമാറ്റാന്‍ ചെന്നപ്പോള്‍ പറഞ്ഞതിലും അധികം പലിശ നിരക്ക് ഈടാക്കി എന്നാണ് പരാതിക്കാരന്‍ പറയുന്നത്. മോഹന്‍ലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് വായ്പ എടുത്തതെന്നും അതിനാല്‍ തനിക്കുണ്ടായ ദുരനുഭവത്തില്‍ മോഹന്‍ലാലിനും ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി.
പരാതിക്കാരനും മോഹന്‍ലാലും തമ്മില്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് ഒരു ഇടപാടും നടന്നിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കിയത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആണ് കേസ് റദ്ദാക്കിയത്. എന്നാല്‍, വാഗ്ദാനം ചെയ്ത സേവനം ലഭ്യമായില്ലെങ്കില്‍ അതില്‍ ഹര്‍ജിക്കാരന് സാധ്യമായ രീതികളില്‍ എല്ലാം പരാതിപ്പെടാമെന്നും കോടതി വ്യക്തമാക്കി.
.jpg)


