ചെന്നിത്തലയ്ക്ക് ഉയര്‍ന്ന പദവിയുള്ള വകുപ്പുകള്‍ നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദ്ദേശം നൽകി ഹൈക്കമാന്‍ഡ്

The high command has instructed Chief Minister-designate VD Satheesan to include Chennithala in the cabinet by giving him high-ranking portfolios.

തിരുവനന്തപുരം:  മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ  ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉയര്‍ന്ന പദവിയുള്ള വകുപ്പുകള്‍ നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍  നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദ്ദേശം നൽകി ഹൈക്കമാന്‍ഡ്. പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ഹൈക്കമാന്‍ഡിന്റെ ഈ നീക്കമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചെന്നിത്തല മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ നിര്‍ണായക ഇടപെടല്‍.

യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരായിരിക്കും കോണ്‍ഗ്രസിനുണ്ടാകുക. ഇതില്‍ ഒരാളായി വരുന്ന ചെന്നിത്തലയ്ക്ക് സുപ്രധാന വകുപ്പ് തന്നെ നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ചെന്നിത്തലയ്ക്ക് നിര്‍ണായകമായ രണ്ട് വകുപ്പുകള്‍ നല്‍കണമെന്ന കാര്യത്തില്‍ പൊതുവേ എല്ലാവര്‍ക്കും സമ്മതമാണ്. ചെന്നിത്തല ഈ ഓഫര്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചന.നേരത്തെ, ചെന്നിത്തലയുടെ വസതി സന്ദര്‍ശിച്ച് സതീശന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ രമേശ് ചെന്നിത്തല സമ്മതംമൂളിയത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ടീമില്‍ ചേരേണ്ടതിന്റെ ആവശ്യകത ചെന്നിത്തലയെ ബോധ്യപ്പെടുത്തി ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.


 

Tags