വികസനത്തിന് കൂട്ടായ ശ്രമം അനിവാര്യം: മന്ത്രി കെ എന്‍ ബാലഗോപാല്‍

google news
as

കൊല്ലം : സംസ്ഥാനത്തെ വികസനത്തിന് കൂട്ടായ ശ്രമം അനിവാര്യമാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം പ്രദര്‍ശന വിപണന മേള'യുടെ ഉദ്ഘാടനം ആശ്രാമം മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സമഗ്രമാറ്റമാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ഉണ്ടായത്. 

വന്‍ വികസനത്തോടൊപ്പം ജനങ്ങളോടുള്ള കരുതല്‍ കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലൈഫ് ഭവന പദ്ധതിയില്‍ 16000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളം ഒന്നാമതാണ്. സാമ്പത്തിക പരിമിതികള്‍ ആഭ്യന്തര വരുമാനം വര്‍ധിപ്പിച്ചു മറി കടന്നു. 104 വയസുള്ള വ്യക്തിക്ക് വരെ ചികിത്സ ഇന്‍ഷുറന്‍സ് ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ പി എസ് സി നിയമനങ്ങള്‍ കേരളത്തിലാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കോ ക്ഷേമപദ്ധതികള്‍ക്കോ സാമ്പത്തിക ബുദ്ധിമുട്ട് തടസമാകില്ലന്നും മന്ത്രി പറഞ്ഞു.

എം നൗഷാദ് എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്, സബ് കലക്ടര്‍ മുകുന്ദ് ഠാകൂര്‍, എ ഡി എം ആര്‍ ബീനാറാണി, ഇന്‍ഫര്‍മേഷന്‍- പബ്ലിക്  റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ സലിന്‍ മാങ്കുഴി, അബ്ദുല്‍ റഷീദ്, മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ഹസന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു തുടങ്ങിയവര്‍ പങ്കെടുത്തു.

മെയ് 24 വരെയാണ് പ്രദര്‍ശന വിപണന സേവനമേള നടക്കുന്നത്. എല്ലാദിവസവും സെമിനാറുകളും വൈകുന്നേരങ്ങളില്‍ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യം.

Tags