കൊച്ചി തീരഗ്രാമങ്ങളിലെ പൊക്കാളിപ്പാടങ്ങളില്‍ കവര് പൂത്തുതുടങ്ങി


കുമ്പളങ്ങി ടൂറിസം ഗ്രാമത്തിലെ ഒരു ടൂറിസം പ്രോഡക്ടായി കവര് മാറിയിരിക്കുകയാണ്
കൊച്ചി : തോപ്പുംപടി തീരഗ്രാമങ്ങളിലെ പൊക്കാളിപ്പാടങ്ങളില്‍ കവര് പൂത്തുതുടങ്ങി. നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന സമുദ്രജീവിയുടെ ജൈവ ദീപ്തിയാണ് കവര്. ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ പുറപ്പെടുവിക്കുന്ന പ്രകാശത്തെയാണ് കവര് എന്ന് വിളിക്കുന്നതെന്ന് ശാസ്ത്രം പറയുന്നു.
പോഷകസമൃദ്ധമായ വെള്ളവും അനുകൂലമായ കാലാവസ്ഥയും ഇവ കൂടുതൽ കാണുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ്. വെള്ളത്തിന് ഇളക്കം ഉണ്ടാകുമ്പോൾ നൊക്റ്റിലൂക്ക സിന്റിലൻസ് ഉണ്ടാക്കുന്ന തിളക്കം വെള്ളത്തിനു മുകളിൽ ദീപ്തിയായി കാണാം. വേനല്‍ കനക്കുമ്പോള്‍, പാടശേഖരങ്ങളിലെ വെള്ളത്തില്‍ ഉപ്പ് കൂടും. ഈ സമയത്താണ് വെള്ളത്തില്‍ നീലവെളിച്ചം കാണുന്നത്.
തിളങ്ങുന്ന നീലനിറമായിരിക്കും വെള്ളത്തിന്. ചെറുതായൊന്ന് ചലിപ്പിച്ചാല്‍ വെള്ളം, നീലനിറത്തില്‍ വെട്ടിത്തിളങ്ങും. കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങളിലാണ് കവര് കാണുന്നത്. ഈ രണ്ട് ഗ്രാമങ്ങളിലും വിശാലമായ പൊക്കാളി പാടങ്ങളുണ്ട്. വേനലാകുമ്പോള്‍ ഇവിടമെല്ലാം ഉപ്പ് നിറഞ്ഞു കിടക്കും.

കുംഭ, മീനമാസ രാത്രികളിലെ കൂരിരുട്ടില്‍, ജലാശയങ്ങളിലെ വെള്ളം വെട്ടിത്തിളങ്ങുന്ന കാഴ്ച കാണുന്നതിന് ഈ മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടാകും. കുമ്പളങ്ങി ടൂറിസം ഗ്രാമത്തിലെ ഒരു ടൂറിസം പ്രോഡക്ടായി കവര് മാറിയിരിക്കുകയാണ്.