'കേരള ചിക്കന്‍' പദ്ധതി മുഴുവൻ ജില്ലകളിലും നടപ്പാക്കും


വിപണി വിലയെക്കാള്‍ പത്ത് ശതമാനം വിലക്കിഴിവിലാണ് കേരള ചിക്കന്‍ വില്‍ക്കുന്നത്
കൊച്ചി: 'കേരള ചിക്കന്‍' സംസ്ഥാനത്തെ മൂന്ന് ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ. കുടുംബശ്രീ അംഗങ്ങളാണ് ഫാമുകളും ഔട്ട്ലെറ്റുകളും നടത്തുന്നത്. കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുള്ള എഴുന്നൂറോളം വനിതകളാണ് പദ്ധതിയില്‍ പദ്ധതിയില്‍ ഗുണഭോക്താക്കളായിട്ടുള്ളത്.
നിലവില്‍ 11 ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ കൂടി ഏപ്രില്‍-മേയ് മാസത്തോടെ പദ്ധതി നടപ്പാക്കും. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കണ്ണൂരില്‍ അടുത്തിടെയാണ് പദ്ധതി ആരംഭിച്ചത്.
2019-ലാണ് കേരള ചിക്കന്‍ പദ്ധതി ആരംഭിച്ചത്. ഇതുവരെയായി മൊത്തം 350 കോടി രൂപയുടെ വിറ്റുവരവാണ് പദ്ധതിവഴി കുടുംബശ്രീ നേടിയത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ വാര്‍ഷിക വിറ്റുവരവ് 100 കോടി രൂപ കടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതാദ്യമായാണ് വിറ്റുവരവ് 100 കോടി രൂപയിലേക്ക് എത്തുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ 95 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം വിറ്റുവരവ് 91 കോടി രൂപയായിരുന്നു. പദ്ധതി ആരംഭിച്ചിട്ടുള്ള 11 ജില്ലകളിലുമായി (ആലപ്പുഴ ഒഴികെ) മൊത്തം 140 ഔട്ട്ലെറ്റുകളാണ് ഇതുവരെ ആരംഭിച്ചിട്ടുള്ളത്. 446 ഫാമുകളുമുണ്ട്. മൂന്ന് ജില്ലകളില്‍ കൂടി കേരള ചിക്കന്‍ നടപ്പാക്കുന്നതോടെ ഔട്ട്ലെറ്റുകളുടെയും എണ്ണം കൂടും.
13 ലക്ഷത്തോളം കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ശേഷിയാണ് ഫാമുകള്‍ക്കുള്ളത്. സംസ്ഥാനത്ത് ഏതാണ്ട് 2,500 ടണ്ണോളം കോഴി വില്‍പ്പന ഉണ്ടെന്നാണ് ഏകദേശ കണക്ക്. പ്രതിദിനം ശരാശരി 50 ടണ്‍ ചിക്കന്‍ വില്‍പ്പന കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ വഴി സംസ്ഥാനത്ത് നടക്കുന്നുണ്ട്.
കൂടുതല്‍ വില്‍പ്പന നടക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. കോട്ടയമാണ് വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത്. വിപണി വിലയെക്കാള്‍ പത്ത് ശതമാനം വിലക്കിഴിവിലാണ് കേരള ചിക്കന്‍ വില്‍ക്കുന്നത്. ചൊവ്വാഴ്ച കേരള ചിക്കന് കോഴിക്കോട്ടും കോട്ടയത്തും 105 രൂപയും കൊച്ചിയില്‍ 103 രൂപയുമാണ് വില.