ശബരിമല ക്ഷേത്രത്തിന് മുകളിൽ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം : ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

Coast Guard helicopter flies over Sabarimala temple; captures visuals of the temple

 പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അനുമതി ഇല്ലാതെ പറന്ന സംഭവത്തില്‍ ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്. എഡിജിപി എസ് ശ്രീജിത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയത്. കൊടിമരത്തിന്റെ തൊട്ടുമുകളില്‍ വരെ ഹെലികോപ്റ്റര്‍ പറന്നെന്നും കാലാവസ്ഥാ പ്രശ്‌നമെന്ന കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഇന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് കൈമാറും.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെലികോപ്റ്റര്‍ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കാനും റിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നുണ്ട്.

സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. പമ്പ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളാ പൊലീസ് ആക്ട് 118 (e) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുസുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ ഹെലികോപ്റ്റര്‍ പറത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും നിര്‍മ്മിതികള്‍ക്ക് കേടുപാട് വരത്തക്ക രീതിയിലും ജീവനക്കാരില്‍ പരിഭ്രാന്തിയുണ്ടാക്കും വിധവുമാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു. CG 821 എന്ന നമ്പറിലുളള ഹെലികോപ്റ്റാണ് ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. നാലുപ്രാവശ്യം സന്നിധാനത്തിന് സമീപം താഴ്ത്തി പറത്തി.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് പറന്നത്. കൊടിമരത്തിന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ഹെലികോപ്റ്റര്‍ പറന്നിട്ടുണ്ട്. ഹെലികോപ്റ്ററില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

30 സെക്കന്‍ഡ് സമയം സന്നിധാനത്തിന് സമീപം ഹെലികോപ്റ്റര്‍ പറന്നു. ആദ്യമായിട്ടാണ് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന്റെ വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ പറക്കല്‍ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റര്‍ എത്തിയതെന്നും പ്രതിരോധ വകുപ്പിന്റെ കൊച്ചിയിലെ പിആര്‍ഒ വ്യക്തമാക്കി.

 

Tags