'പിഎംശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനംപ്രതി കൂടുതല്‍ പുറത്ത് വരുന്നു': ബിനോയ് വിശ്വം

binoy

കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി ഭയപ്പെടുന്നെന്നും അദേഹം പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.പിഎംശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനംപ്രതി കൂടുതല്‍ വെളിപ്പെടുന്നുണ്ടെന്ന് പരിഹസിച്ചാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി ഭയപ്പെടുന്നെന്നും അദേഹം പറഞ്ഞു. പിഎം ശ്രീ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ കരുനീക്കം നടത്തുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാര്‍ ഉപദേഷ്ടാക്കളെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ അവരോധിക്കുന്നുവെന്നും സര്‍ക്കാരിന്റെ ഈ അത്യുത്സാഹം മികച്ച 'വിസ്മയം' തന്നെയെന്നും ബിനോയ് വിശ്വം പരിഹസിച്ചു. മുഖ്യമന്ത്രിക്ക് നെഹ്റുവിയന്‍ സോഷ്യലിസ്റ്റിലേക്കുള്ള ദൂരം ഏറെ കൂടുതലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഭരണ മാറ്റത്തിന് പിന്നാലെ പി എം ശ്രീ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കേരളത്തിന് കത്തയച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പി എം ശ്രീ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര നിബന്ധനകളില്‍ പാഠ്യപദ്ധതി നിര്‍ബന്ധമാക്കില്ലെന്നും NCERT പാഠപുസ്തകങ്ങള്‍ തന്നെ പഠിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. SCERT പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചാലും മതിയാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് വഴി പി എം ശ്രീയില്‍ കേന്ദ്ര നിബന്ധനകള്‍ മറികടക്കാമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് പി എം ശ്രീ പദ്ധതിയിലെ സര്‍ക്കാര്‍ നിലപാട് പൊതുശ്രദ്ധനേടുന്നത്.

Tags