സിഎംആര്‍എല്‍ - എക്സാലോജിക് കേസ്; പിണറായി വിജയനെതിരായ സര്‍ക്കാര്‍ സമീപനത്തിൽ അഭിപ്രായ ഭിന്നത, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും മാത്യു കുഴല്‍നാടന്‍ ഇറങ്ങിപ്പോയി

CMRL - ​​Exalogic case; Difference of opinion on government's approach against Pinarayi Vijayan, Mathew Kuzhalnadan walks out of Congress Parliamentary Party meeting

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്സാലോജിക് കേസില്‍ സര്‍ക്കാര്‍ സമീപനത്തിലുള്ള  അഭിപ്രായ ഭിന്നതയ്‌ക്കൊടുവില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇറങ്ങിപ്പോയി. വാക്കേറ്റത്തോളം വരെ നീണ്ട യോഗത്തിനൊടുവിലായിരുന്നു ഇറങ്ങിപ്പോക്ക്. വിഷയത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ അടക്കമുള്ളവര്‍ എതിര്‍ നിലപാട് സ്വീകരിച്ചതോടെ, യോഗത്തില്‍ മാത്യു കുഴല്‍നാടന്‍ ഒറ്റപ്പെട്ടു പോയി. കേസില്‍ പിണറായി വിജയനെതിരേ ആദ്യമേ എഫ്‌ഐആര്‍. ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചത് തെറ്റായിപ്പോയെന്ന നിലപാട് വൈകീട്ട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും മാത്യു കുഴല്‍നാടന്‍ ആവര്‍ത്തിച്ചു. എക്‌സാലോജിക് കേസില്‍ ഒറ്റയാള്‍പ്പോരാട്ടമാണ് താന്‍ നടത്തിയതെന്ന് പറഞ്ഞാണ് മാത്യു കുഴല്‍നാടന്‍ സംസാരം തുടങ്ങിയത്. 

ഇതിന്റെ പേരില്‍ താന്‍ ഒരുപാട് വോട്ടയാടപ്പെട്ടു. ഉമ്മന്‍ചാണ്ടിക്ക് കൊടുക്കാത്ത നീതി പിണറായി വിജയന് ഈ സര്‍ക്കാര്‍ നല്‍കേണ്ടതില്ല. പിണറായിക്കെതിരേയുള്ള കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ശരിയായ ഒന്നല്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. പ്രാഥമികാന്വേഷണം നടത്താമെന്ന തരത്തില്‍ സര്‍ക്കാരിന് ലഭിച്ച നിയമോപദേശം ശരിയല്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. സല്‍ക്കാര്‍ നിലപാടില്‍ മാത്യു കുഴല്‍നാടന്‍ തന്റെ പ്രതിഷേധം യോഗത്തെ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് വികാരമല്ല, വിവേകമാണ് വേണ്ടതെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടി. 

കൂടിയാലോചിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും പരിശോധിച്ചിട്ടുണ്ട്. ഇഡി നല്‍കിയ കത്തില്‍ തിടുക്കപ്പെട്ട് കേസുമായി മുന്നോട്ടു പോകുന്നത് രാഷ്ട്രീയമായി ശരിയായ രീതിയാവില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ മുരളീധരനും സണ്ണി ജോസഫും മുഖ്യമന്ത്രിയെ പിന്തുണച്ചു. ഇവിടെയുള്ള എല്ലാ എംഎല്‍എമാരുടെയും വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് കുഴല്‍നാടന്‍ പറഞ്ഞു. 

എല്ലാ എംഎല്‍എമാരുടെയും വികാരം മാത്യു സ്വന്തം നിലയ്ക്ക് അവതരിപ്പിക്കേണ്ടതില്ലെന്ന് ജ്യോതികുമാര്‍ ചാമക്കാല അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം എംഎല്‍എമാരും സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണെന്ന് വ്യക്തമാക്കി. ഇതോടെ, പ്രതിഷേധിച്ച മാത്യു കുഴല്‍നാടന്‍ ഒറ്റപ്പെട്ടു. തുടര്‍ന്നാണ് യോഗം കഴിയുന്നതിനുമുന്‍പേ അദ്ദേഹം ഇറങ്ങിപ്പോയത്. ഈ വിഷയത്തില്‍ പിണറായിക്കെതിരെ കേസിനു പോയതിനെയും യോഗത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. കേസിനു പോകരുതെന്ന് താന്‍ മാത്യുവിനോട് പറഞ്ഞതല്ലേ. ആ കേസ് പിണറായിക്ക് ഗുണമാവുകയാണ് ചെയ്തത്. 

പ്രതിപക്ഷത്തായിരുന്നപ്പോള്‍ എല്ലാവരെയും പിണറായി സര്‍ക്കാര്‍ വേട്ടയാടിയിട്ടുണ്ട്. പുനര്‍ജനി പദ്ധതിയില്‍ അടക്കം എന്തൊക്കെ അന്വേഷണം പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി ചോദിച്ചു. കെപിസിസി പ്രസിഡന്റായ കാലംമുതല്‍ തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാത്യു കേസിനുപോകുന്നത് താന്‍ അറിഞ്ഞിട്ടുപോലുമുണ്ടായില്ല. ഇല്ലെങ്കില്‍ വേണ്ടെന്ന് പറഞ്ഞേനേയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags