സിഎംആർഎൽ- എക്സാലോജിക് കേസ്; 'ചോദ്യം ചെയ്യലിന് ഹാജരാകില്ല'; ഇഡിക്ക് കത്തയച്ച് പിണറായി വിജയൻ

CMRL-Exalogic case; 'Will not appear for questioning'; Pinarayi Vijayan writes to ED

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പിണറായി വിജയൻ. വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസിനാണ് പിണറായി വിജയൻ മറുപടി നൽകിയത്. നിയമസഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയാണ് മറുപടി. 23ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് പിണറായി വിജയന് സമൻസ് നൽകിയത്. എന്നാൽ ഹാജരാകാൻ കഴിയില്ലെന്ന് കണിച്ച് ഇഡി അസിസ്റ്റന്‍റ് ഡയറക്‌ടർ അരുൺ ചാരിക്ക് കത്ത് കൈമാറിയത്. കേസെടുക്കാൻ നിർദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് ഉടൻ പരിഗണിക്കുമെന്ന സുപ്രീംകോടതിയുടെ ഇടപെടലാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്.

കൂടാതെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ അതിന്‍റെ തിരക്കുകളുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകളാണ് ഇഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായി വിജയന് പുറമെ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്തിരുന്നു. വിജിലന്‍സ് കേസെടുത്തതിന്റെ ചുവടുപിടിച്ചായിരുന്നു ഇ ഡി നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ പ്രകാരം ഇ ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വിജിലന്‍സിന്റെ രണ്ട് എഫ്‌ഐആറുകളിലൂടെ ഇ ഡിക്ക് മുന്നിലുണ്ടായിരുന്ന ഈ നിയമതടസ്സം മാറിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്.

Tags