ആരോമലിനെയും ചന്തുവിനെയും ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി

satheesan

സതീശന്‍ മുഖ്യമന്ത്രിയായ ശേഷം നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തിലാണ് സലിം കുമാര്‍ അവസാനമായി പങ്കെടുത്ത പൊതുപരിപാടി.

അന്തരിച്ച നടന്‍ സലിംകുമാറിനെ അവസാനമായി കാണാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ എത്തി. പറവൂരിലെ ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. സലിംകുമാറുമായി ഏറ്റവും അടുപ്പമുള്ള രാഷ്ട്രീയക്കാരനായിരുന്നു സതീശന്‍. അദ്ദേഹത്തിന്റെ പ്രചാരണ വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു സലിംകുമാര്‍. സതീശന്‍ മുഖ്യമന്ത്രിയായ ശേഷം നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തിലാണ് സലിം കുമാര്‍ അവസാനമായി പങ്കെടുത്ത പൊതുപരിപാടി.

ഉറച്ച രാഷ്ട്രീയ ബോധവും കോണ്‍ഗ്രസ് ബോധവുമുള്ള വ്യക്തിയായിരുന്നു സലിം കുമാറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അവസാനം അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു. എന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നുവെന്ന് വി.ഡി. സതീശന്‍. ഏത് സംഘര്‍ഷ സാഹചര്യത്തിലും സാധാരണ നിലയിലേക്ക്  മടങ്ങിയെത്തിക്കാനുള്ള നര്‍മബോധമുള്ളയാളായിരുന്നു സലിം കുമാര്‍. വീടുകളെ സന്തോഷ നിര്‍ഭരമാക്കുന്ന മുഖമായിരുന്നു അദ്ദേഹം. ഹാസ്യനടന്‍ മാത്രമല്ല, വലിയ നടന്‍ ആയിരുന്നുവെന്ന് ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലൂടെ തെളിയിച്ചു. സാമുഹിക മാധ്യമങ്ങളിലെ തമാശകള്‍ സലിം കുമാറിന്റെ തമാശകളായിരുന്നു. അടൂര്‍ ഭാസിയെയും ബഹദൂറിനെയും പോലെ മലയാളിക്ക് സലിം കുമാര്‍. സഹോദര തുല്യനായ ആളെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും സതീശന്‍ പറഞ്ഞു. 

Tags