പകല്‍ വസ്ത്രവ്യാപാരി, രാത്രി മഞ്ചേരിയെ ഞെട്ടിക്കുന്ന മോഷ്ടാവ് ; സ്വന്തമായി കോടികളുടെ ആഡംബര വീട്

theft

ആഡംബര കാറുകളില്‍ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകള്‍ സൈനുദ്ദീന്‍ കൃത്യമായി നിരീക്ഷിക്കും.

മലപ്പുറം മഞ്ചേരി നഗരത്തെയും പോലീസിനെയും ഒരുപോലെ ഉറക്കം കെടുത്തിയ തുടര്‍ മോഷണ പരമ്പര അവസാനിച്ചു. ആളില്ലാത്ത വീടുകള്‍ തിരഞ്ഞുപിടിച്ച് കവര്‍ച്ച നടത്തിയിരുന്ന കൊടുംകുറ്റവാളി, തേഞ്ഞിപ്പലം സ്വദേശി സൈനുദീനെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നൂറോളം മോഷണക്കേസുകളില്‍ പ്രതിയെന്ന് പോലീസ്. പകല്‍ മാന്യനായ വസ്ത്രവ്യാപാരിയാണ് ഇയാള്‍.

അയല്‍വാസികളെയും നാട്ടുകാരെയും വസ്ത്രവ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച്, ആഡംബര കാറുകളില്‍ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകള്‍ സൈനുദ്ദീന്‍ കൃത്യമായി നിരീക്ഷിക്കും. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ഇരുചക്രവാഹനത്തിലെത്തി, മുഖം മറച്ച്, കൈകളില്‍ ഗ്ലൗസ് ധരിച്ച് വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് ഇയാള്‍ അകത്തുകടന്നിരുന്നത്. മോഷണശേഷം തെളിവുകള്‍ നശിപ്പിക്കാനായി വീടുകളിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കുകള്‍ കൂടി കവര്‍ന്നാണ് ഇയാള്‍ സ്ഥലം വിട്ടിരുന്നത്.


ഇയാള്‍ പതിനെട്ടാം വയസ്സിലാണ് മോഷണം തുടങ്ങിയതെന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്നും പോലീസ് പറയുന്നു. 2024-ല്‍ പാലക്കാട്ടെ മോഷണക്കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ കോഴിക്കോട് പോക്‌സോ കേസിലും പ്രതിയായി.ഇയാള്‍ മോഷണമുതല്‍ ഉപയോഗിച്ച് കാവനൂര്‍ വടക്കമല റോഡില്‍ കോടികള്‍ വിലമതിക്കുന്ന ആഡംബര വീട് നിര്‍മ്മിക്കുകയായിരുന്നു. ഓരോ ജില്ലയിലും മോഷണം നടത്തിയ ശേഷം മറ്റു ജില്ലകളിലേക്ക് മാറി ആഡംബര ജീവിതം നയിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. മഞ്ചേരി, കാവനൂര്‍, രാമന്‍കുളം എന്നിവിടങ്ങളില്‍ സഹോദരിക്കും കുടുംബത്തിനുമൊപ്പം വാടകയ്ക്ക് താമസിച്ചുകൊണ്ടായിരുന്നു ഇയാള്‍ നഗരത്തില്‍ മോഷണം ആസൂത്രണം ചെയ്തിരുന്നത്.
നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും പഴയ കുറ്റവാളികളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് സൈനുദ്ദീനീലേക്ക് പോലീസ് എത്തിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

Tags