പിൻബെഞ്ചില്ലാത്ത ക്ലാസ്മുറികൾ; വിദ്യാഭ്യാസരംഗത്ത് പുതിയ പരീക്ഷണം
സ്‌കൂൾ ക്ലാസ്മുറികളിൽ കുട്ടികൾ പിൻബെഞ്ചിലിരിക്കുന്ന രീതി ഘട്ടംഘട്ടമായി മാറ്റാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷംമുതൽ എൽപി ക്ലാസ്മുറികളിൽ പിൻബെഞ്ചുകാരില്ലാത്ത ഇരിപ്പിടം ഒരുക്കാനാണ് ആലോചന. ഇതിനുള്ള പ്രത്യേക ക്രമീകരണമൊരുക്കാൻ പ്രത്യേക മാർഗരേഖയും പുറപ്പെടുവിക്കും.
tRootC1469263">ബാഗുകളുടെ ഭാരം കുറയ്ക്കാൻ പാഠപുസ്തകങ്ങൾ ക്ലാസ്മുറിയിൽ സൂക്ഷിക്കാനുള്ള ക്രമീകരണവും നിർദേശിക്കും. ഇതിനൊക്കെയുള്ള ഘടനാപരമായ നിർദേശങ്ങളുമായി എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ റിപ്പോർട്ടുകൾ തയ്യാറായിവരുന്നതായി സർക്കാർവൃത്തങ്ങൾ പറഞ്ഞു. ജനുവരി എട്ടിനുചേരുന്ന കരിക്കുലം കമ്മിറ്റിയിൽ റിപ്പോർട്ടുകൾ പരിഗണിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
എൽപി ക്ലാസുകളിൽ 30:1 എന്നനിലയിലാണ് വിദ്യാർഥി, അധ്യാപക അനുപാതം. മുപ്പതിൽ കൂടിയാൽ രണ്ടുഡിവിഷൻ അനുവദിക്കും. മൊത്തം 60 കുട്ടികൾ തികഞ്ഞില്ലെങ്കിലും മുപ്പതിൽ കൂടുതലുണ്ടെങ്കിൽ രണ്ടു ക്ലാസുകളിലായി കുട്ടികളെ ഇരുത്തുന്നതാണ് രീതി. അതിനാൽ, പിൻബെഞ്ചില്ലാത്ത ക്ലാസ്മുറി പ്രായോഗികമാണെന്നാണ് വിലയിരുത്തൽ.
അധ്യാപകർ അവധിയാണെങ്കിൽ കുട്ടികളെ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥവരും. അവരുടെ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്ക് സ്‌കൂളിലേക്കു കൊണ്ടുവരേണ്ടിവരില്ല. ഇങ്ങനെ ഒട്ടേറെ നിർദേശങ്ങളാണ് പരിഗണനയിലെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു. അധ്യയനവർഷം ആരംഭിക്കുന്ന ജൂണിലും മറ്റും പെരുമഴ പെയ്യാറുള്ളതിനാൽ, മധ്യവേനലവധി മാറ്റുന്നകാര്യം ആലോചിക്കാൻ മന്ത്രി നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാവുന്നതേയുള്ളൂ.
.jpg)


