ഇടുക്കി അണക്കരയില്‍ ഏഴാം ക്ലാസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ച സംഭവം ; പൊലീസ് കേസെടുത്തു
പിടിഎ നടത്തിയ അന്വേഷണത്തില്‍ ക്ലാസ് മുറിയില്‍ മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് വടികൊണ്ട് പലതവണ അടിച്ചതായി കുട്ടികള്‍ പറഞ്ഞു.
ഇടുക്കി അണക്കരയില്‍ ഏഴാം ക്ലാസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ച സംഭവത്തില്‍ വണ്ടന്‍മേട് പോലീസ് കേസെടുത്തു. അധ്യാപകനോട് ഒരു മാസം അവധിയില്‍ പോകാന്‍ പിടിഎ നിര്‍ദേശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
വ്യാഴാഴ്ചയാണ് അണക്കര ഗവണ്‍മെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. തമിഴ് മീഡിയം അധ്യാപകന്‍ ശിവകുമാറാണ് മര്‍ദ്ദിച്ചത്. കളിയാക്കി എന്നാരോപിച്ച് ചൂരല്‍ കൊണ്ട് തുടയിലും ദേഹത്തും അടിച്ചെന്നും മുഖത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കം ചുമത്തി പോലീസ് കേസെടുത്തത്. പരാതിയില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചെങ്കിലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.
പിടിഎ നടത്തിയ അന്വേഷണത്തില്‍ ക്ലാസ് മുറിയില്‍ മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് വടികൊണ്ട് പലതവണ അടിച്ചതായി കുട്ടികള്‍ പറഞ്ഞു. വിവരങ്ങള്‍ പ്രധാന അധ്യാപനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അധ്യാപകനോട് ഒരുമാസം നിര്‍ബന്ധിത അവധിയില്‍ പോകാന്‍ സ്‌കൂള്‍ പിടിഎ നിര്‍ദ്ദേശിച്ചത്. പകരം താല്‍ക്കാലിക അധ്യാപകനെ നിയമിച്ച ക്ലാസുകള്‍ മുമ്പോട്ടു കൊണ്ടുപോകും.
.jpg)

