ക്ലെയിം നിഷേധിച്ചു: സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
ആറു ദിവസത്തെ ചികിത്സക്ക് ശേഷം റീ ഇമ്പേഴ്‌സ്മെൻ്റിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോഴാണ് ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖമാണെന്ന് ചൂണ്ടിക്കാണിച്ച് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചത്.
എറണാകുളം : സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ആശുപത്രി വാസം ആവശ്യമില്ലാത്ത അസുഖത്തിന് അഡ്‌മിറ്റ് ആയി ചികിത്സ തേടി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചത്. തുടർന്ന് ഉപഭോക്താവിൻ്റെ പരാതിയിൽ കോടതി കമ്പനിക്ക് പിഴ വിധിക്കുകയായിരുന്നു. 44,000 രൂപ പരാതിക്കാരന് നഷ്‌ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
എറണാകുളം അമ്പനാട് സ്വദേശി ബിനു വർഗീസും ജെമി ബിനുവും സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 2017 ഓഗസ്റ്റിലാണ് പരാതിക്കാർ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഫാമിലി ഒപ്‌ടിമ പോളിസി എടുത്തത്. ഈ പോളിസി തുടരുന്നതിനിടയിൽ 2023 മേയിൽ പരാതിക്കാരിക്ക് കടുത്ത പനിയും ചുമയും വയറുവേദനയും അനുഭവപ്പെടുകയും അഡ്‌മിറ്റ് ആവുകയും ചെയ്‌തു.
ആറു ദിവസത്തെ ചികിത്സക്ക് ശേഷം റീ ഇമ്പേഴ്‌സ്മെൻ്റിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോഴാണ് ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖമാണെന്ന് ചൂണ്ടിക്കാണിച്ച് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചത്. തുടർന്ന് പോളിസി ഉടമ പരിഹാരത്തിനായി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.
ഇൻഷുറൻസ് പോളിസികള്‍ ഇൻഷുർ ചെയ്‌ത വ്യക്തി ഉൾപ്പെടെയുള്ളവരുടെ ന്യായമായ പ്രതീക്ഷകൾക്ക് ഫലം നൽകുന്നന്നതിന് വേണ്ടിയാകണമെന്നും നിബന്ധനകളിൽ അവ്യക്തതയുണ്ടെങ്കിൽ അത് ഇൻഷുറൻസ് ചെയ്‌ത വ്യക്തിക്ക് അനുകൂലമായി പരിഗണിക്കണം എന്നുമുള്ള സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വിധി. നഷ്‌ടപരിഹാര തുകയായ 44,000 രൂപ 45 ദിവസത്തിനകം നൽകണമെന്നും വിധിയിൽ പറയുന്നത്.
ക്ലെയിം സംബന്ധിച്ച് അടുത്ത കാലത്തായി നിരവധി കേസുകളാണ് ഈ ഇൻഷൂറൻസ് കമ്പനിക്കെതിരെ ഉയർന്നു വരുന്നത്.