മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ സി.ജെ.പി പ്രതിഷേധം; പ്രകാശ് രാജും അഭിജിത് ദീപ്‌കെയും പങ്കെടുക്കും
കൊച്ചി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ സി.ജെ.പി (CJP) നേതൃത്വത്തിൽ പ്രതിഷേധം. 'ജന്തർമന്തർ അറ്റ് കൊച്ചി' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെ പ്രതിഷേധ ജാഥ നടക്കും. സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയിട്ടുണ്ട്. നടൻ പ്രകാശ് രാജും പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്.
ഗ്യാനേഷ് കുമാറിനെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ലെന്നും അഭിജിത് ദീപ്‌കെ വ്യക്തമാക്കി. കേരളത്തിലെ യുവാക്കളും ഈ പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും കേരളത്തിൽ നിരവധി സി.ജെ.പി അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ക്ഷണപ്രകാരമാണ് കൊച്ചിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിദ്യാർത്ഥി-യുവജന സംഘടനാനേതാക്കളും പ്രമുഖരും പ്രതിഷേധത്തിൽ അണിനിരക്കുന്നുണ്ട്. ജെ.എൻ.യു.എസ്.യു ജോയിന്റ് സെക്രട്ടറിയും എ.ഐ.എസ്.എ നേതാവുമായ ഡാനിഷ് അലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാങ്, എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് എസ്. ശിൽപ, കെ.എസ്.യു ജനറൽ സെക്രട്ടറി അഡ്വ. ജെയിൻ ജെയ്സൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ സി.ജെ.പിയുടെ ദക്ഷിണേന്ത്യൻ ചുമതലയുള്ള വിജയ് മല്ലംഗി, ആക്ടിവിസ്റ്റ് രാധിക ഗണേഷ്, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്.
.jpg)

