'കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടി മുതലായ 8 പവൻ മോഷ്ടിച്ച സിഐക്ക് സസ്പെൻഷൻ
എട്ട് പവനോളം തൊണ്ടി മുതല്‍ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ചത് മുൻ എസ്‌എച്ച്‌ഒ ആണെന്ന് എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു.
കോഴിക്കോട് : കരിപ്പൂർ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ മുൻ സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് സസ്പെൻഷൻ.
വിവിധ കാലയളവുകളില്‍ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില്‍ ഏല്‍പ്പിച്ചതുമായ എട്ട് പവനോളം തൊണ്ടി മുതല്‍ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ചത് മുൻ എസ്‌എച്ച്‌ഒ ആണെന്ന് എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു.
ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് സൗത്ത് എസ്‌എച്ച്‌ഒ ചുമതലയില്‍ ഇരിക്കെ മറ്റൊരു കൃത്യവിലോപത്തില്‍ നേരത്തെയും സസ്പെൻഷനില്‍ ആയിരുന്നു ഈ ഉദ്യോഗസ്ഥൻ. സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2018-ന് മുൻപും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനില്‍ ലഭിച്ച സ്വർണ്ണാഭരണങ്ങളാണ് സ്റ്റേഷനിലെ സിഐ അടിച്ച് മാറ്റിയത്. നേരത്തെ കൃത്യവിലോപം നടത്തിയതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ കൊണ്ടുപോയ സ്വർണം തിരികെ നല്‍കി നടപടി ഒഴിവാക്കാനും ശ്രമം നടത്തിയെന്ന് കൊണ്ടോട്ടി എഎസ്പിയുടെ റിപ്പോർട്ടില്‍ പറയുന്നു.
എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഇയാളുടെ വിശദീകരണം. അബദ്ധത്തില്‍ സ്വർണ്ണം കൈവശം വന്ന് പോയെന്നും, പിന്നീട് മറന്ന് പോവുകയായിരുന്നുമെന്നാണ് ഉദ്യോഗസ്ഥൻ എഎസ്പിയോട് പറഞ്ഞത് .
.jpg)

