ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സഭാപിതാക്കന്മാരെ ആക്ഷേപിക്കുന്നത് ധാര്‍ഷ്ഠ്യം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

google news
sebastian

കോട്ടയം: ക്രൈസ്തവ സഭാപിതാക്കന്മാര്‍ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘടിതമായി ആക്രമിക്കുന്ന ആസൂത്രിത അജണ്ടകള്‍ സാക്ഷരകേരളത്തില്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയരുമ്പോള്‍ സംരക്ഷണമേകേണ്ട ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിനെതിരെ പ്രതികരിക്കുന്നവരെ ആക്ഷേപിക്കുന്നവരുടെ അണിയറ അജണ്ടകള്‍ തിരിച്ചറിയുവാനുള്ള ആര്‍ജ്ജവം കേരളസമൂഹത്തിനുണ്ട്.

മനുഷ്യനെ മൃഗങ്ങള്‍ കൊന്നൊടുക്കുമ്പോള്‍ കൃഷിഭൂമിയിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിത വേട്ടനടത്തുവാന്‍ തയ്യാറാകാത്ത ഭരണസംവിധാനങ്ങളുടെ പരാജയം ചൂണ്ടിക്കാട്ടി നിയമങ്ങളില്‍ തിരുത്തലുകള്‍ വരുത്തി നടപടികളുണ്ടാകണമെന്ന് സഭാപിതാക്കന്മാര്‍ ആവശ്യപ്പെട്ടതിനെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ മനുഷ്യമൃഗതുല്യരും സമൂഹത്തെ അപമാനിക്കുന്നവരുമാണ്.

തകര്‍ച്ച നേരിടുന്ന റബറിന് 300 രൂപ വേണമെന്ന് ആവശ്യപ്പെട്ടത് തെറ്റാണോ? സഭയിലെ രക്തസാക്ഷിത്വത്തെക്കുറിച്ച് സഭാമക്കളോട് സഭയുടെ വേദിയില്‍ പിതാക്കന്മാര്‍ സംസാരിക്കുമ്പോള്‍ അതു പാടില്ലെന്നു പറയാന്‍ ആര്‍ക്കാണവകാശം? ജനങ്ങള്‍ നേരിടുന്ന ആനുകാലിക പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധമാറ്റുവാന്‍ വര്‍ഗ്ഗീയവിദ്വേഷം വിളമ്പി ആക്ഷേപിക്കുന്നത് വിലപ്പോവില്ലെന്നും വി.സി. സെബാസ്റ്റിയന്‍ പറഞ്ഞു.

Tags