ചിറയിൻകീഴ് കൈയാങ്കളി വിവാദം; സസ്പെൻഷനിലായ നേതാക്കളെ കോൺഗ്രസ് തിരിച്ചെടുത്തു
തിരുവനന്തപുരം: കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയ ചിറയിൻകീഴ് കൈയാങ്കളി വിവാദത്തിൽ നടപടി നേരിട്ട കെപിസിസി അംഗം പാളയം പ്രദീപ്, ചിറയിൻകീഴ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്. സജാദ് എന്നിവരുടെ സസ്പെൻഷൻ കോൺഗ്രസ് പിൻവലിച്ചു. കെപിസിസി അധ്യക്ഷനെ നേരിട്ടുകണ്ട് സംസാരിച്ച എംഎൽഎ രമ്യ ഹരിദാസ്, പ്രാദേശിക നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് പാർട്ടിക്ക് ഉറപ്പുനൽകിയതിനെത്തുടർന്നാണ് നടപടി. എന്നാൽ, പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും.
വിവാദത്തിന്റെ തുടക്കത്തിൽ എംഎൽഎ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായമുണ്ടാക്കാനാണ് കെപിസിസി ശ്രമിച്ചത്. എംഎൽഎയ്ക്കെതിരെ വ്യാപകമായി പരാതികൾ ഉയർന്നിട്ടും അവർക്കെതിരെ നടപടിയെടുക്കാതെ പ്രശ്നം ഒതുക്കിത്തീർക്കുകയായിരുന്നു. പ്രദേശികമായി ഉയർന്ന എതിർപ്പുകൾ തണുപ്പിക്കാനായി പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന നിർദേശവും കെപിസിസി രമ്യയ്ക്ക് നൽകിയിരുന്നു.
പക്ഷേ, സംസ്ഥാന-പ്രാദേശിക നേതൃത്വത്തെ ഒരുപോലെ വെല്ലുവിളിച്ചും സമവായ ശ്രമങ്ങൾ പൊളിച്ചുമാണ് പിന്നീട് രമ്യ നീങ്ങിയത്. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ കത്ത് നൽകുകയായിരുന്നു. സ്പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച ഈ കത്ത്, നിയമസഭാ സെക്രട്ടറിക്ക് നൽകാൻ ആവശ്യപ്പെട്ട് സ്പീക്കർ മടക്കി. സെക്രട്ടറി അവധിയിലായിരുന്നതിനാൽ കത്ത് ഓഫീസിലേൽപ്പിച്ചെങ്കിലും സംഭവം വിവാദമായതോടെ കത്ത് തിരിച്ചെടുക്കാൻ ഓഫീസ് ആവശ്യപ്പെടുകയായിരുന്നു.
പാളയം പ്രദീപ് നേരത്തെ തന്റെ സ്റ്റാഫാണെന്ന രമ്യയുടെയും പ്രദീപിന്റെയും വാദങ്ങളും ഇതിനിടെ പൊളിഞ്ഞു. ഒടുവിൽ കെപിസിസി നേതൃത്വം നിലപാട് കടുപ്പിച്ചതോടെ പാർട്ടിക്ക് മുന്നിൽ എംഎൽഎയ്ക്ക് വഴങ്ങേണ്ടി വന്നു. വിഷയത്തിൽ എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിൽ നേതാക്കൾ രൂക്ഷവിമർശനം ഉയർത്തുകയും ചെയ്തു. ചിറയിൻകീഴിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വച്ചായിരുന്നു രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ കൈയാങ്കളി ഉണ്ടായത്. ഇതിനുപിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ രണ്ടിടത്ത് കോൺഗ്രസിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
.jpg)

