കുട്ടികളെ ഉപയോഗിച്ച് പണം പിരിച്ചു, മുന്നിലിരുന്ന് മദ്യപിച്ചു; ഹരിപ്പാട് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകൾ

Child Welfare Committee takes over baby abandoned by parents in Alappuzha

ആലപ്പുഴ : ഹരിപ്പാട് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകളുമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ട് പുറത്ത്. കുട്ടികളെ ഉപയോഗിച്ച് മാതാപിതാക്കൾ പണം പിരിച്ചെന്നും ജോലി ചെയ്യാതെ ജീവിക്കാൻ കുട്ടികളെ മറയാക്കി മാറ്റിയെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കുട്ടികളുടെ മുന്നിലിരുന്ന് മാതാപിതാക്കൾ സ്ഥിരമായി മദ്യപിച്ചിരുന്നുവെന്നും, ഈ സാഹചര്യത്തിൽ മറ്റു കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും റിപ്പോർട്ടിൽ ശിശുസംരക്ഷണ ഓഫീസർ ശുപാർശ ചെയ്യുന്നു.

കുട്ടികളെ അമ്മയ്ക്കൊപ്പം വിടുന്നത് സുരക്ഷിതമല്ലാത്തതിനാൽ കുട്ടിയേയും അമ്മയേയും രണ്ട് മുറികളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ ശിശുക്ഷേമസമിതി ചെയർപേഴ്സൺ ഡോ. വി. ഗീത വ്യക്തമാക്കി. രണ്ടുവയസുകാരൻ മരിച്ച വിവരം സൈക്യാട്രി ഡോക്ടറുടെ സാന്നിധ്യത്തിൽ അമ്മയെ അറിയിക്കും. നവജാതശിശുവിനെ സി.ഡബ്ല്യു.സി ഏറ്റെടുക്കുമെന്നും അധികൃതർ അറിയിച്ചു. രാജേഷ് – താര ദമ്പതികളുടെ ഏഴ് കുട്ടികളിൽ ആറാമത്തെ ആളായ രാഹുലിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഓട്ടോറിക്ഷയിൽ മൃതദേഹവുമായി രാജേഷ് ആദ്യം എത്തിയത് ഹരിപ്പാട് ഡാണാപ്പടിയിലെ ബന്ധുവീട്ടിലേക്കാണ്. ആരുമറിയാതെ കുട്ടിയുടെ മൃതദേഹം ഇവിടെ മറവ് ചെയ്യാനായിരുന്നു ഇയാളുടെ ശ്രമം. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്. പോഷകാഹരക്കുറവ് മൂലമുണ്ടായ അസുഖങ്ങളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ കുഞ്ഞിന് ജന്മനാ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബത്തിലെ സർപ്പദോഷത്താൽ ഒരു മരണം ഉണ്ടാകുമെന്ന വിധിയുടെ ഫലമായാണ് കുട്ടി മരിച്ചതെന്നുമായിരുന്നു പിതാവ് രാജേഷിന്റെ വിചിത്ര വാദം.

ഒമ്പത് വർഷം മുമ്പ് മൂന്നര മാസം പ്രായമുള്ള മറ്റൊരു കുട്ടിയും സമാനമായ രീതിയിൽ മരിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആരെയും അറിയിക്കാതെ ഈ കുട്ടിയുടെ മൃതദേഹവും ബന്ധുവീട്ടിൽ രഹസ്യമായി മറവ് ചെയ്യുകയായിരുന്നു. ഔദ്യോഗിക രേഖകൾ ഒന്നുമില്ലാത്ത ഈ മരണത്തെക്കുറിച്ചും, രണ്ടുവയസുകാരന്റെ മരണത്തെക്കുറിച്ചും തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags