കുട്ടികള്‍ നല്ല ഹൃദയത്തിന് ഉടമയായി നല്ല പൗരന്‍മാരായി വളരണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : കുട്ടികള്‍ നല്ല ഹൃദയത്തിന് ഉടമയായി നല്ല പൗരന്‍മാരായി വളരുവാനാണ് സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വെട്ടിപ്പുറം ഗവ. എല്‍പി സ്‌കൂളിന് 1.22 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ടയുടെ ഗൃഹാതുരത്വം നിലനിര്‍ത്തുന്ന സ്‌കൂള്‍ ആണ് വെട്ടിപ്പുറം ഗവ. എല്‍. പി. സ്‌കൂള്‍. അധ്യാപകരും, വിദ്യാര്‍ഥികളും, രക്ഷകര്‍ത്താക്കളും, പൊതുസമൂഹവും ചേര്‍ന്നു നിന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് ഒരു പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നതായും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആറന്മുള മണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ഫണ്ട് അനുവദിച്ചിരുന്നതായും മന്ത്രി പറഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഷമീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി. കെ.അര്‍ജുനന്‍, മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് ജാസിം കുട്ടി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജിത് കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ അനില അനില്‍, ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍. ശോഭന, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.എസ്. സന്തോഷ്, പ്രഥമാധ്യാപിക വി. രമാഭായി, പിടിഎ പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല, എന്‍. കെ.രജനി, മുഹമ്മദ് ഇക്ബാല്‍, അനില്‍ അയത്തില്‍, രാജി ജിജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.