ഓടുന്ന കാറിന്റെ വിൻഡോയിലൂടെ ശരീരത്തിന്റെ പാതിയും പുറത്തിട്ട് കുട്ടികൾ, പിന്തിരിപ്പിക്കാൻ ശ്രമിക്കാതെ ഡ്രൈവർ - പാലക്കാട് അപകടയാത്ര
പാലക്കാട് : ഓടുന്ന കാറിൽ കയ്യും തലയും പുറത്തിട്ട് കുട്ടികളുടെ സാഹസിക യാത്ര. ആര്യമ്പാവിനും കരിങ്കലത്താണിക്കുമിടയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് മറ്റു യാത്രക്കാർ അപകട യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്. പെരിന്തൽമണ്ണ രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു സംഭവം. കുട്ടികൾ കയ്യും തലയും പുറത്തിട്ടത് അറിയാതെ ഡ്രൈവർ ഏറെനേരം കാർ ഓടിച്ചിരുന്നുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ വിശദമാക്കുന്നത്. വിൻഡോയിലൂടെ ശരീരത്തിന്റെ പകുതിയോളം പുറത്തിട്ട് കൈവീശിയായിരുന്നു കുട്ടികളുടെ അപകട കളി. മൂന്നാർ ഗ്യാപ്പ് റോഡിൽ സജീവമായ കാഴ്ചയാണ് മലപ്പുറം പാലക്കാട് അതിർത്തിയിൽ കണ്ടത്.
പത്ത് വയസോളം പ്രായമുള്ള കുട്ടികളാണ് ഇത്തരത്തിൽ ചെയ്യുന്നത്. ദൃശ്യങ്ങൾ പകർത്തിയവർ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറിയിട്ടുണ്ട്. കുട്ടികളെ അപകട യാത്രയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കാതിരുന്ന വാഹനം ഓടിച്ചയാൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ദൃശ്യങ്ങൾ പകർത്തിയവർ ആവശ്യപ്പെടുന്നത്.
.jpg)


