സ്കൂളുകളിൽ അച്ചടക്കം കർശനമാക്കാൻ ബാലാവകാശ കമ്മീഷന്റെ സുപ്രധാന നിർദേശങ്ങൾ; ബാഗ് പരിശോധനയ്ക്കും മൊബൈൽ നിയന്ത്രണത്തിനും ഉത്തരവ്
തിരുവനന്തപുരം: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിപത്തുകൾ തടയുന്നതിനും മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന നിർദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ ബാഗുകൾ അധ്യാപകർ പരിശോധിച്ച് ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നത് തടയാൻ ഇത് അനിവാര്യമാണെങ്കിലും, കുട്ടികളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും യാതൊരുവിധ പോറലുമേൽക്കാത്ത രീതിയിലായിരിക്കണം പരിശോധന നടത്തേണ്ടതെന്ന് കമ്മീഷൻ കർശനമായി ഓർമ്മിപ്പിച്ചു.കുട്ടികൾ മുടി വളർത്തുന്നതും കളർ ചെയ്യുന്നതും മൊട്ടയടിക്കുന്നതും അവകാശമാണെങ്കിലും സ്കൂൾ അച്ചടക്കത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കണം. ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്ക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും കമ്മീഷൻ വിലയിരുത്തി.
സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല. പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകൾ സ്കൂൾ സമയം അവസാനിക്കുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണം. സ്കൂൾ സമയത്ത് കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത് ഗുരുതര അച്ചടക്കലംഘനമായി കാണണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുത്. കമ്മീഷന്റെ നിർദേശങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ, തദ്ദേശ സ്വയംഭരണവകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി എന്നിവർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
.jpg)


