വേനലവധിയിൽ യൂണിഫോമിന് ഇളവ്, പരിശീലനങ്ങൾക്ക് നിയന്ത്രണം ; ബാലാവകാശ കമ്മിഷന്റെ നിർദേശം

Child Rights Commission recommends relaxation in uniforms, restrictions on training during summer vacation

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ പത്തരയ്ക്ക്‌ അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ. ചൂട് കുറയുന്നതുവരെ സ്‌കൂൾ യൂണിഫോം നിർബന്ധമാക്കരുതെന്നും നിർദേശം .കുട്ടികളുടെ കളികൾ, എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്‌സ് ആൻഡ്‌ ഗൈഡ്‌സ് പരേഡ്, പരിശീലനം, അസംബ്ലി, വിനോദയാത്രകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണമെന്ന് കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ ഷാജേഷ് ഭാസ്‌കർ, ഡോ. വിൽസൺ എന്നിവരുടെ ഫുൾബെഞ്ച് ഉത്തരവായി.

വിവിധ പരിശീലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സ്‌കൂൾ യൂണിഫോം ധരിക്കുന്നതിൽ താത്‌കാലിക ഇളവ് നൽകി സൗകര്യപ്രദമായ വസ്ത്രം ധരിക്കാൻ അനുവദിക്കണം. പരിശീലനങ്ങൾ രാവിലെമുതൽ വൈകീട്ടുവരെ നടത്തുന്നതും കുട്ടികളെ യൂണിഫോം ധരിപ്പിക്കുന്നതും കടുത്ത ബാലാവകാശ ലംഘനമാണ്.

സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പരിശീലനങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകണം എന്ന തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ പരാതിയിലാണ് കമ്മിഷൻ ഉത്തരവ്.

നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.പി.സി. സ്റ്റേറ്റ് നോഡൽ ഓഫീസർ, എൻ.സി.സി. അഡീഷണൽ ഡയറക്ടർ ജനറൽ, സ്‌കൗട്ട്‌സ് ആൻഡ്‌ ഗൈഡ്‌സ് ചീഫ് കമ്മിഷണർ എന്നിവർ നടപ്പാക്കണം. സ്വീകരിച്ച നടപടി 15 ദിവസത്തിനകം കമ്മിഷനെ അറിയിക്കണം.

Tags