പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ
അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അറിവോടെ ഒരു മണിക്കൂറായി നിജപ്പെടുത്തണം. പന്ത്രണ്ട് വയസ്സുവരെ സ്ക്രീൻ സമയം പരമാവധി രണ്ട് മണിക്കൂറായി നിയന്ത്രിക്കണം
തിരുവന്തപുരം: പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി.നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണ്‍ കെ.വി. മനോജ് കുമാർ, അംഗം ഷാജേഷ് ഭാസ്‌കർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്‌ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന പോലീസ് മേധാവിയും ഉള്‍പ്പെടുന്നതാകണം ഉന്നതതല സമിതി.
കോവിഡിനുശേഷം സ്ക്രീൻ അഡിക്ഷൻ കുട്ടികളില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്റർനെറ്റ്, മൊബൈല്‍ ഗെയിമുകള്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക-ശാരീരിക-വൈകാരിക വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. രണ്ട് വയസ്സുവരെ കുട്ടികള്‍ക്ക് വീഡിയോകോള്‍ ഒഴികെ സ്ക്രീൻ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം.
അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അറിവോടെ ഒരു മണിക്കൂറായി നിജപ്പെടുത്തണം. പന്ത്രണ്ട് വയസ്സുവരെ സ്ക്രീൻ സമയം പരമാവധി രണ്ട് മണിക്കൂറായി നിയന്ത്രിക്കണം. പതിനെട്ട് വയസ്സുവരെ പഠനത്തിനുപുറമെ സ്ക്രീൻ സമയം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തണം എന്ന മാനസികാരോഗ്യ വിദഗ്ധരുടെയും ആരോഗ്യ പ്രവർത്തകരുടെയും കണ്ടെത്തലുകള്‍ കമ്മിഷൻ അംഗീകരിച്ചു.
കുട്ടികള്‍ സ്കൂളുകളില്‍ മൊബൈല്‍ ഫോണോ, ടാബോ കൊണ്ടുവരാനോ ഉപയോഗിക്കുവാനോ പാടില്ല. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ കുട്ടി മൊബൈല്‍ ഫോണ്‍ കൊണ്ടുവരുകയാണെങ്കില്‍ രക്ഷിതാവിന്റെ അപേക്ഷ സഹിതം ക്ലാസ്സ് ടീച്ചർക്ക് കൈമാറണം, നിയന്ത്രിതമായി ഉപയോഗിക്കാവുന്നതുമാണ്. നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി കുട്ടികള്‍ ഫോണോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ കൊണ്ടുവന്നാല്‍ കുട്ടിക്ക് താക്കീത് നല്‍കണം. കുറ്റം ആവർത്തിച്ചാല്‍ ഉപകരണം പിടിച്ചെടുത്ത് ഏഴ് ദിവസത്തിനുശേഷം രക്ഷിതാവിനെ വിളിച്ചുവരുത്തി തിരികെ നല്‍കണം.
മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നതിന് ബാഗ് പരിശോധനയും, ദേഹ പരിശോധനയും നടത്തുന്നത് കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ഭംഗം വരുന്ന തരത്തിലാവരുത്. ഇത്തരം സന്ദർഭങ്ങളില്‍ അധ്യാപകർ കുട്ടികളോട് സൗഹാർദത്തോടെ പെരുമാറണം. സ്കൂളിലെ ഫോണ്‍ ഉപയോഗം സംബന്ധിച്ച് അധ്യയനവർഷാരംഭം പിടിഎ മുഖാന്തിരം അച്ചടിച്ച നിർദ്ദേശങ്ങള്‍ രക്ഷിതാക്കള്‍ക്ക് നല്‍കണം.
ഡിജിറ്റല്‍ അവബോധം സംബന്ധിച്ച് ഒരു അധ്യയനവർഷം വിദഗ്ധരുടെ രണ്ട് മണിക്കൂർ ക്ലാസ്സ് നാല് തവണ സ്കൂളിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കണം. കായിക വിനോദങ്ങള്‍, യോഗ, എയ്റോബിക്സ്, വിവിധ ഭാഷാ ക്ലാസുകള്‍, സാഹിത്യ ശാസ്ത്ര ക്ലബുകള്‍, വായന, ക്രാഫ്റ്റ്, കൈത്തൊഴില്‍ എന്നിവയിലേക്ക് കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ നടപ്പിലാക്കണം. കമ്മീഷൻ ഉത്തരവിലെ ശുപാർശകള്‍ 2026-27 അദ്ധ്യായന വർഷം മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി നടപ്പിലാക്കണം.
.jpg)

