ലോകബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച സംഘത്തില്‍ മുഖ്യമന്ത്രിയുടെ പിഎയും ; വിവാദം

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച സംഘത്തില്‍ മുഖ്യമന്ത്രിയുടെ പിഎ സുനീഷിന്റെ പേര് കടന്നു കൂടിയത് വിവാദമാകുന്നു. പൊതുഭരണവകുപ്പ് ഇറക്കിയ ഉത്തരവിലാണ് ഉന്നതതല സംഘത്തോടൊപ്പം പിഎയുടെ പേരും ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയെ അനുഗമിക്കുന്നതുകൊണ്ടാണ് സംഘത്തില്‍ പേര് ഉള്‍പ്പെടുത്തിയതെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം
അടുത്ത മാസം എട്ട് മുതല്‍ 18 വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അമേരിക്ക ക്യൂബ സന്ദര്‍ശനം. രണ്ട് രാജ്യങ്ങളിലും മുഖ്യമന്ത്രിക്കൊപ്പം പിഎ സുനീഷും യാത്ര ചെയ്യുന്നുണ്ട്. അമേരിക്കയില്‍ ലോക കേരള സഭയുടെ റീജണല്‍ സമ്മേളനം കഴിഞ്ഞാല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന ചര്‍ച്ച ലോക ബാങ്ക് പ്രതിനിധികളുമായാണ്. 12 ന് നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല സംഘമാണ് പങ്കെടുക്കുന്നത്.
മുഖ്യമന്ത്രി, ധനമന്ത്രി, ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ റിസോഴ്‌സ് സെക്രട്ടറി, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എന്നിവരുടെ പട്ടികയിലാണ് പിഎയുടെ പേരും പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്.