പാവപ്പെട്ട അഞ്ച് ലക്ഷം പേർക്ക് വീട് നൽകിയത് കേരളത്തിന് അഭിമാനം പകരുന്നു: മുഖ്യമന്ത്രി

cm

പാവപ്പെട്ട അഞ്ച് ലക്ഷം പേർക്ക് വീട് നൽകിയത് കേരളത്തിന് അഭിമാനം പകരുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നു എന്ന ആത്മാഭിമാനം ഈ അഞ്ച് ലക്ഷം കുടുംബങ്ങളുടെ മനസിലുണ്ടായി. അഞ്ച് ലക്ഷം കുടുംബം എന്ന് കണക്കാക്കുമ്പോൾ 20 ലക്ഷമോ 40 ലക്ഷമോ വ്യക്തികളാണ് ലൈഫിന്റെ ഭാഗമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം ലൈഫ് വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

ലൈഫ് പദ്ധതി പോലെ മാതൃകാപരമായ മറ്റൊരു പദ്ധതി രാജ്യത്ത് എവിടേയുമില്ല. ഏതെങ്കിലും സംസ്ഥാനം അഞ്ച് ലക്ഷം വീടുകൾ ജനങ്ങൾക്കായി ഇത്തരത്തിൽ പൂർത്തിയാക്കിയെന്ന് പറയാനാവില്ല. വീടുകൾക്ക് മുന്നിൽ ലോഗോ വയ്ക്കണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. എന്നാൽ അത്തരം നടപടികൾ ഗുണഭോക്താവിന്റെ ആത്മാഭിമാനത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും ഒരു വീടിന്റെ മുന്നിലും ഒരു ലോഗോയും വയ്ക്കില്ലെന്നുമുള്ള നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്റേത്. വീട് ആഗ്രഹിക്കുന്ന പാവങ്ങൾ ഇനിയുമുണ്ട്. അവർക്കുള്ള വീട് നിർമാണം എങ്ങനെ പൂർത്തീകരിക്കാമെന്നാണ് സർക്കാർ ചിന്തിക്കുന്നത്.

നാടാകെ പദ്ധതിയുമായി സഹരിക്കാൻ തയ്യാറായി എന്നതാണ് ലൈഫ് പദ്ധതിയുടെ പ്രധാന നേട്ടം. ജാതി, മതം, രാഷ്ട്രീയം തുടങ്ങിയവയൊന്നും ലൈഫിൽ വീട് നൽകുന്നതിന് പരിഗണനാ വിഷയമായില്ല. ജനാധിപത്യപരമായാണ് അർഹരെ കണ്ടെത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വീട് നിർമാണത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചു. ചിലയിടങ്ങളിൽ ജനം മുന്നോട്ടു വന്ന് സഹായിച്ചു. എന്നാൽ ചിലർക്ക് ഈ പദ്ധതി കണ്ണിലെ കരടായി. ലൈഫ് പദ്ധതിക്കെതിരെ നിലകൊണ്ടവരെ ജനം കൈയൊഴിയുന്ന സ്ഥിതിയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം ലഭിച്ച നിരവധി നിവേദനങ്ങളിലെ ആവശ്യം വീട് വേണം എന്നായിരുന്നു. തുടർന്നാണ് വീട് നൽകാനുള്ള ലൈഫ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അമ്പൂരി സജിത ഭവനിൽ സജിതകുമാരി, വെള്ളനാട് സലീന മൻസിലിൽ മുംതാസ് എന്നിവർക്ക് മുഖ്യമന്ത്രി വീടിന്റെ മാതൃകയും താക്കോലും കൈമാറി. ലൈഫ് മിഷനിലേക്ക് സ്ഥലവും വീട് നിർമാണത്തിന് മറ്റു സഹായങ്ങളും നൽകിയവരെ ചടങ്ങിൽ ആദരിച്ചു. മനസ്സോടിത്തിരി മണ്ണ് പദ്ധതിയിൽ 2.61 ഏക്കർ ഭൂമി സൗജന്യമായി നൽകിയ സുകുമാരൻ വൈദ്യരുടെ കുടുംബാംഗങ്ങൾ, ലൈഫ് പദ്ധതിക്ക് പിന്തുണ നൽകിയ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 എ, ഹഡ്കോ, കെ. യു. ആർ. ഡി. എഫ്. സി, ഐ. കെ. എം എന്നിവയുടെ പ്രതിനിധികൾ ആദരവ് ഏറ്റുവാങ്ങി.

കേരളത്തെക്കുറിച്ച് വ്യാജ കഥകൾ പ്രചരിപ്പിക്കുന്നവർക്കു മുന്നിൽ ഇതാണ് ശരിയായ കേരള സ്റ്റോറിയെന്ന് ലൈഫ് പദ്ധതിയിലൂടെ വ്യക്തമാക്കാൻ കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശവകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. എല്ലാവരേയും പ്രചോദിപ്പിക്കാൻ കഴിഞ്ഞ പദ്ധതിയാണിത്. സംസ്ഥാന സർക്കാർ 18,342.7 കോടി രൂപയാണ് വീടില്ലാത്തവർക്ക് വീട് വച്ചു നൽകാനായി ചെലവഴിച്ചത്. ഇന്ത്യയിൽ ജനങ്ങൾക്ക് ഭവന നിർമാണത്തിനായി ഏറ്റവും അധികം സഹായം നൽകുന്ന സംസ്ഥാനമായി കേരളം മാറി. നിരവധി പേരാണ് ലൈഫ് പദ്ധതിയിൽ സഹായവുമായി മുന്നോട്ടു വന്നത്. അത് സർക്കാരിലുള്ള വിശ്വാസമാണ് വ്യക്തമാക്കുന്നത്. ജനങ്ങളിൽ നിന്ന് ലൈഫിലേക്ക് ലഭിച്ച 35 ഏക്കർ ഭൂമിയിൽ 24 ഏക്കറിന്റെ രജിസ്ട്രേഷൻ പൂർത്തിയായതായി മന്ത്രി പറഞ്ഞു.

മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, എ. കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, വി. അബ്ദുറഹിമാൻ, എം. എൽ. എമാരായ കടകംപള്ളി സുരേന്ദ്രൻ, സി. കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സെക്രട്ടറി ടി. വി. അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ലൈഫ് സി. ഇ. ഒ അപൂർവ ത്രിപാഠി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Tags