അറിവ് നിരന്തരം നവീകരിച്ച് കേരളത്തിന്റെ മുന്നേറ്റത്തിന് വിദ്യാർഥികൾ വഴിവിളക്കാകണം: മുഖ്യമന്ത്രി വി ഡി സതീശൻ

vdsatheesan

അറിവ് നിരന്തരം നവീകരിക്കുകയും അർപ്പണബോധത്തോടെ പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുകയും ചെയ്ത് കേരളത്തിന്റെ വികസനത്തിനും നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും വിദ്യാർഥികൾ വഴിവിളക്കാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന-ജില്ലാതല അവാർഡ് വിതരണച്ചടങ്ങ് നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ നിന്ന് മികച്ച പ്രവർത്തനത്തിലൂടെ  ലിറ്റിൽ കൈറ്റ്‌സ് അവാർഡിന് അർഹരായവർ ഭാവിയുടെ മാതൃകകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്പ്യൂട്ടറിന്റെ വരവ് വലിയ ചർച്ചയായിരുന്ന കാലഘട്ടത്തിൽ തന്നെ ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയർത്താനുള്ള കാഴ്ചപ്പാട് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുന്നോട്ടുവെച്ചതായും അദ്ദേഹം അനുസ്മരിച്ചു.

ഐടി മേഖല ഇന്ന് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് കമ്പ്യൂട്ടർ പഠനത്തിനപ്പുറം ഫ്യൂച്ചർ സ്റ്റഡീസ് എന്ന നിലയിൽ ഭാവി സാങ്കേതികവിദ്യകളുടെ ലോകമാണ്.  കേരളത്തിൽ നിന്നുള്ള ഐടി വിദഗ്ധർ ലോകമെമ്പാടും, പ്രത്യേകിച്ച് സിലിക്കൺ വാലിയിലെ പ്രമുഖ സ്ഥാപനങ്ങളിലടക്കം നിർണായക ചുമതലകൾ വഹിക്കുന്നത് അഭിമാനകരമാണ്.

ശാസ്ത്രവും സാങ്കേതികവിദ്യയും അതിവേഗം മാറുന്ന ഈ കാലത്ത് അറിവ് വിരൽത്തുമ്പിലാണെന്നും ഓരോ നിമിഷവും പുതിയ അറിവുകൾ രൂപപ്പെടുന്ന വിജ്ഞാന വിസ്‌ഫോടനത്തിന്റെ യുഗത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ പാഠ്യപദ്ധതിക്കപ്പുറമുള്ള അറിവും തുടർച്ചയായി ആർജിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. രോഗനിർണയത്തിലും രോഗപ്രതിരോധത്തിലും, നാനോ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയയിലും കീമോതെറാപ്പിയിലും ഉൾപ്പെടെ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകും. ദശാബ്ദങ്ങളിലെ ആയുർ ദൈർഘ്യത്തിൽ വന്ന വ്യത്യാസവും പുരോഗതിയും ഇതാണ് തെളിയിക്കുന്നത്.

 പുരാവസ്തു ഗവേഷണങ്ങളിലും ഭൂതകാലത്തെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളിലും കാലനിർണയം, പഴക്കം തുടങ്ങിയ മേഖലകളിലും നിർമിതബുദ്ധി നിർണായക പങ്കുവഹിക്കും.

ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർഥികൾ സാങ്കേതികവിദ്യയെ സർഗാത്മകമായി ഉപയോഗിക്കുകയും ജീവിതകാലം മുഴുവൻ പഠിക്കുന്ന മനോഭാവം വളർത്തുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദീൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്, കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്തെ 2,284 സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകളുടെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന-ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) തുടങ്ങിയ മേഖലകളിലെ പരിശീലനങ്ങൾ, സാമൂഹിക ഇടപെടലുകൾ, സ്‌കൂൾ വിക്കി, ഡിജിറ്റൽ മാഗസിൻ, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം എന്നിവയിലെ മികവാണ് അവാർഡ് നിർണയത്തിനായി പരിഗണിച്ചത്.

പത്തനംതിട്ട ജില്ലയിലെ എ. എം. എം. ഹയർസെക്കണ്ടറി സ്‌കൂൾ ഇടയാറന്മുള സംസ്ഥാനത്തെ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്നേറ്റുവാങ്ങി. വയനാട് ജില്ലയിലെ ജി.എച്ച്.എസ് കുറുമ്പാല രണ്ടാം സ്ഥാനത്തിനും തിരുവനന്തപുരം ജില്ലയിലെ ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹിൽ മൂന്നാം സ്ഥാനത്തിനുമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.

സംസ്ഥാനതലത്തിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടിയ സ്‌കൂളുകൾക്ക് യഥാക്രമം 2.5 ലക്ഷം രൂപ, 2 ലക്ഷം രൂപ, 1.5 ലക്ഷം രൂപ വീതവും ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് 40,000 രൂപയും രണ്ടാം സ്ഥാനത്തിന് 30,000 രൂപയും മൂന്നാം സ്ഥാനത്തിന് 20,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.
 

Tags