ഗവിയിലും സൂര്യനെല്ലിയിലും വർക്കേഷൻ സൗകര്യം ഒരുക്കി സർക്കാർ :മുഖ്യമന്ത്രി വി ഡി സതീശൻ
കേരളത്തിൽ ആദ്യമായി സർക്കാർ മേഖലയിൽ വർക്കേഷൻ ആശയം നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താമസിച്ചു ജോലി ചെയ്യാൻ കഴിയുന്ന വർക്കേഷൻ സൗകര്യങ്ങൾ ഗവിയിലും സൂര്യനെല്ലിയിലും ഒരുക്കുന്ന 'SHOLA' (Seek-Hike-Observe-Lodge-Absorb) ബ്രാൻഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുൾപ്പെടെ കേരള വനവികസന കോർപറേഷൻ പുതിയതായി ആരംഭിക്കുന്ന അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം മാസ്‌ക്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി നിർവഹിച്ചു.
കേരള വനവികസന കോർപറേഷന്റെ തോട്ടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന തേയിലയും കാപ്പിയും വിപണനം ചെയ്യുന്ന 'ആത്മ' എന്ന ബ്രാൻഡിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ആത്മ തേയില-കാപ്പി ബ്രാൻഡിന്റെ ആദ്യ വില്പന മന്ത്രി ഷിബു ബേബി ജോൺ മുഖ്യമന്ത്രിക്ക് കൈമാറി നിർവഹിച്ചു. വാഗമണ്ണിൽ ആരംഭിക്കുന്ന പ്രീമിയം പോഡ് സ്റ്റേ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. നാല് പോഡുകളുടെ നിർമാണം ഡിസംബറിൽ പൂർത്തീകരിക്കും. തവണ വ്യവസ്ഥയിൽ വിനോദയാത്രകൾ സാധ്യമാക്കുന്ന 'ട്രാവൽ ടുഡേ പേ ടുമോറോ' പദ്ധതി, പ്രകൃതി വ്യാഖ്യാനത്തിന്റെ നിലവാരം ഉയർത്തുന്നതിനുള്ള ഇക്കോ ഗൈഡ് പരിശീലനം തുടങ്ങിയ സംരംഭങ്ങൾക്കും ഇന്ന് തുടക്കം കുറിച്ചു.
കേരളത്തിന്റെ ജൈവവൈവിധ്യം ലോകോത്തരമാണെന്ന തിരിച്ചറിവ് മലയാളികൾക്കുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത അനുഭവം വിനോദസഞ്ചാരികൾക്ക് നൽകാൻ വനം വകുപ്പിന്റെ പുതിയ സംരംഭങ്ങൾക്ക് കഴിയും. ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരുത്താതെ വിനോദസഞ്ചാരവും വികസനവും ഉറപ്പാക്കണം. എക്കോടൂറിസം കേന്ദ്രങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന താൽക്കാലിക സംവിധാനമായ പോഡുകൾ കേരളത്തിന്റെ സാഹചര്യങ്ങൾക്ക് ഏറെ അനുകൂലമാണ്. മൂല്യവർധന ഉറപ്പാക്കി കേരളത്തിന്റെ പ്രത്യേകതയാർന്ന ഉൽപ്പന്നങ്ങൾ കൂടുതലായി നമുക്ക് വികസിപ്പിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന ഉൽപ്പന്നങ്ങളുടെ മൂല്യവർധന ഉറപ്പാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കേരള വനവികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ചന്ദനമരങ്ങളിൽ നിന്നുള്ള ചന്ദനം 'കളഭം' എന്ന ബ്രാൻഡായി പുറത്തിറക്കും. വനാതിർത്തി പ്രദേശങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ്. ഈ സാധ്യത ഉപയോഗിക്കുന്നതിനും അതിനെ സുസ്ഥിരമായ സാമൂഹിക-സാമ്പത്തിക പുരോഗതിയുടെ ഭാഗമാക്കുന്നതിനുമായി മുന്നോട്ടുവയ്ക്കുന്ന 'പ്രീമിയം ബയോഡൈവേഴ്‌സിറ്റി എക്‌സ്പീരിയൻസ് എന്ന ദർശനത്തിന്റെ ഭാഗമായാണ് പദ്ധതികൾ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
വനം വന്യജീവി വകുപ്പ് സെക്രട്ടറി കെ ബിജു സ്വാഗതം ആശംസിച്ചു. നജീബ് കാന്തപുരം എം എൽ എ, പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് രാജേഷ് രവീന്ദ്രൻ, കേരള വനവികസന കോർപറേഷൻ എം ഡി രാജു കെ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
.jpg)

