സർക്കാർ പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കും:മുഖ്യമന്ത്രി വി. ഡി. സതീശൻ

No guard of honour; Chief Minister V.D. Satheesan informs the police chief that there is no need to deploy military personnel for ceremonial functions

സർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും പ്രാധാന്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രകൃതിയെ തകർക്കുന്ന ഒരു വികസന പ്രവർത്തനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. സന്തുലിതവും സുസ്ഥിരവുമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ കാർബൺ ന്യൂട്രൽ ആക്കാൻ ദേശീയതലത്തിൽ 2070 ലക്ഷ്യമിട്ടിരിക്കുമ്പോൾ കേരളം 2050-ഓടെ കാർബൺ ന്യൂട്രൽ സംസ്ഥാനമായി മാറുന്നതിനാണ് ശ്രമിക്കുന്നത്. 2040-ഓടെ തന്നെ ഇതിൽ ഗണ്യമായ പുരോഗതി കൈവരിക്കാനാകും. കാലാവസ്ഥാ വ്യതിയാനം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ മാത്രം കണ്ടിരുന്ന തരത്തിലുള്ള കാലാവസ്ഥാ വ്യതിയാന പ്രതിഭാസങ്ങൾ ഇപ്പോൾ അറബിക്കടലിലും പ്രകടമാകുന്നുണ്ട്. അതിതീവ്ര മഴയും മേഘവിസ്‌ഫോടനങ്ങളും ഏത് സമയത്തും സംഭവിക്കാം. കൊച്ചി, മുംബൈ പോലുള്ള നഗരങ്ങൾക്ക് ഇത് വലിയ ഭീഷണിയാണ്. മേഘവിസ്‌ഫോടനങ്ങൾ പെട്ടെന്ന് രൂപപ്പെടുന്നതിനാൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പോലും സമയം ലഭിക്കാത്ത സാഹചര്യം പശ്ചിമഘട്ട മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടതാണെന്ന 'വൺ ഹെൽത്ത്' ആശയം കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1972-ൽ സ്റ്റോക്ക്‌ഹോമിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. മനുഷ്യരെപ്പോലെ തന്നെ ഭൂമിയിലെ മറ്റ് ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന ബോധ്യം കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ വളർത്തിയെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള കടൽത്തീരവും 44 നദികളും പശ്ചിമഘട്ടവും തടാകങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യം ഒരു തലമുറയ്ക്ക് മാത്രം പൂർത്തിയാക്കാനാകുന്ന ദൗത്യമല്ലെന്നും വരും തലമുറകൾക്കും കൈമാറേണ്ട വലിയ ഉത്തരവാദിത്തമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'കേരള കാർബൺ ന്യൂട്രൽ പാത്ത്‌വേ 2050' ഉം, സംസ്ഥാന മാലിന്യ സംസ്‌കരണ സൗകര്യങ്ങളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പത്മശ്രീ കൊല്ലയിൽ ദേവകി അമ്മയെ ചടങ്ങിൽ ആദരിച്ചു. പരിസ്ഥിതി മിത്രം പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.

പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാനം ഡയറക്ടറേറ്റ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.

പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന ഡയറക്ടർ സുനീൽ പാമിടി സ്വാഗതം ആശംസിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ ശ്രീകല എസ്. കെ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി ഡോ. പി. ഹരിനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Tags