ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്തിന്റെ പ്രഭാഷണപരിപാടിയിൽ പങ്കെടുത്ത വിസിമാർക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ജമാഅത്തെ ഇസ്ലാമിയെ പ്രീതിപ്പെടുത്താൻ : പി കെ കൃഷ്‌ണദാസ്

The Chief Minister's statement against the VCs who attended RSS Sarsanghchalak Mohan Bhagwat's lecture was made to please Jamaat-e-Islami: PK Krishnadas

കണ്ണൂർ: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്തിന്റെ പ്രഭാഷണപരിപാടിയിൽ പങ്കെടുത്ത വിസിമാർക്കെതിരെ മുഖ്യമന്ത്രി വിഡി സതീശൻനടത്തിയ പ്രസ്താവന ജമാഅത്തെ ഇസ്ലാമിയെയും പിഎഫ്‌ഐയെയും പിഡിപിയെയും എസ്ഡിപിഐയെയും പ്രീതിപ്പെടുത്താനാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വിസിമാർക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫത്വ തന്നെ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. കേരളത്തിൽ നടക്കുന്നത് മൗദൂദി ഭരണമാണെന്ന് എല്ലാവർക്കും നിസ്സംശയം മനസ്സിലായിരിക്കുകയാണ്. രാജ്യത്ത് ജമാഅത്തെ ഇസ്ലാമിയുടെ ആദ്യത്തെ മുഖ്യമന്തിയായി വി.ഡി. സതീശൻ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സ്വരം വേർതിരിച്ചറിയാനാവാത്ത വിധം ഒന്നിയിരിക്കുന്നു. കേരളത്തിൽ നടന്നത് അധികാരക്കൈമാറ്റമല്ല. മറിച്ച് പദവി പരസ്പരം വെച്ച് കൈമാറൽ മാത്രമാണ്. വിസിമാർക്കെതിരെ ആദ്യം രംഗത്ത് വന്നത് പ്രതിപക്ഷനേതാവ് പിണറായി വിജയനാണ്. പിന്നീടാണ് സമാനമായ രീതിയിൽ പ്രതിപക്ഷ നേതാവും രംഗത്തെത്തിയത്.

ആർഎസ്എസ് നിരോധിത സംഘടനയല്ല. ഇന്ത്യയിലെ നിയമത്തിന് അനുസൃതമായിട്ടാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. വിസിമാർകാണിച്ചത് അന്തസ്സില്ലായ്മയാണെന്നും കേരളത്തിന്റെ യശസ്സ് താഴ്ത്തിയെന്നുമാണ് മുഖ്യമന്തിയുടെ ആരോപണം. മൂന്ന് വിസിമാരോടും പറഞ്ഞത് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നാണ്. മുഖ്യമന്ത്രി കേവലം രാഷ്ട്രീയ പ്രസംഗം നടത്തേണ്ടയാളല്ല. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിസിമാരോട് മാപ്പ് ചോദിക്കണമെന്ന് പറഞ്ഞതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കണം. വിസിമാർ ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രാസ്ഥവന നിയമവിരുദ്ധമാണെന്ന് പറയുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആർഎസ്എസിന്റെ പിന്നൽ അണിനിരക്കാൻ തയ്യാറാകുന്നത് അത് ദേശസ്‌നേഹത്തിലധിഷ്ഠിതമായ പ്രസ്ഥാനമായതു കൊണ്ടാണ്.

തെരഞ്ഞെടുപ്പിന് മുമ്പ്  മതരാഷ്ട്രവാദം പരസ്യമായി പറയുന്ന ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളുമായി ചർച്ച നടത്തിയ നേതാവാണ് വി.ഡി. സതീശൻ. നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ നേതാവിനെ അങ്ങോട്ട് പോയി കണ്ട് ആലിംഗനം നടത്തിയ നേതാവാണ് വി.ഡി. സതീശൻ. അതുകൊണ്ട് അന്തസ്സില്ലാത്ത പ്രവൃത്തി നടത്തിയത് വി.ഡി. സതീശനാണ്. മതഭീകരവാദികൾക്കുള്ള പ്രത്യുപകാരത്തിന്റെ ഭാഗമായാണ് വിസിമാർക്കെതിരെ ഫത്വ പുറപ്പെടുവിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ്, ജില്ലാ സെക്രട്ടറി എം. അനീഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags