കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വലിയ പിന്തുണയായി മാറും: മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ വലിയ പിന്തുണയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസത്തിനൊപ്പം തന്നെ നാടിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) വിജയികളായ വിദ്യാർത്ഥികളുമായി തിരുവനന്തപുരത്ത് നടന്ന ‘സി.എം. - വൈ.ഐ.പി. മീറ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
tRootC1469263">വിദ്യാർത്ഥികൾ ചെറുപ്രായത്തിൽ തന്നെ നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലിരിക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മുതൽ യാത്രാപ്രശ്‌നങ്ങളും രോഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വരെ വിദ്യാർത്ഥികളുടെ ശ്രദ്ധ വ്യാപരിക്കുന്നു. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. നവകേരള സൃഷ്ടിയിൽ വലിയ പിന്തുണയാണ് വിദ്യാർത്ഥികൾ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളിലൂടെ ലഭിക്കുന്നത്.
വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെ, വിദേശ രാജ്യങ്ങളിലെ ഉപരിപഠനത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന കുട്ടികൾ അവിടെ ചതിക്കപ്പെടാതിരിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. പുറത്തുള്ള സ്ഥാപനങ്ങളുടെ നിലവാരം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ആപ്പ് ഇപ്പോൾ തയ്യാറായിട്ടുണ്ട്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക് രാജ്യതലത്തിൽ വലിയ അംഗീകാരം ലഭിച്ചുവരുന്നത് ഇതിന്റെ തെളിവാണ്. കേവലം തൊഴിൽ അന്വേഷകരാകാൻ മാത്രമല്ല, സ്റ്റാർട്ടപ്പുകളിലൂടെ തൊഴിൽ നൽകുന്നവരായി മാറാനാണ് വിദ്യാർത്ഥികൾ പരിശ്രമിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സമാധാനപരമായ അന്തരീക്ഷമാണ് നിക്ഷേപകരെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ പ്രതിനിധികൾ തന്നെ കണ്ടിരുന്നു. മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അവർ ഉദ്ദേശിക്കുന്നത്. എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന്, ഇവിടുത്തെ ശാന്തിയും സമാധാനവുമാണ് അവർ മറുപടിയായി പറഞ്ഞത്. ഈ അന്തരീക്ഷം തുടരുന്നത് കേരളത്തിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് ഏറെ ബുദ്ധിമുട്ടുകൾ തരണം ചെയ്ത് സ്‌കൂൾ-കോളേജ് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോയ അനുഭവവും മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി പങ്കുവച്ചു.
ചടങ്ങിൽ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം വിജയികളായ മുന്നൂറിൽപരം വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത പ്രോട്ടോടൈപ്പുകളുടെ പ്രദർശനവും നടന്നു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ നടക്കുന്ന വൈ.ഐ.പി ഇന്ന് പന്ത്രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്നോവേഷൻ പരിപാടിയായി മാറിയിരിക്കുകയാണ്. 13 മുതൽ 37 വയസ് വരെയുള്ളവർക്ക് അവരുടെ ആശയങ്ങൾ പ്രോട്ടോടൈപ്പുകളാക്കി മാറ്റാൻ ആവശ്യമായ സാങ്കേതിക-സാമ്പത്തിക സഹായങ്ങൾ പദ്ധതി വഴി നൽകുന്നു.
ധനമന്ത്രി കെ. എൻ. ബാലഗോപാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, കെ-ഡിസ്‌ക് എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. കെ. എം. എബ്രഹാം, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തൻ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി പി. വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
.jpg)


