അങ്കണവാടികളെ ആധുനിക സൗകര്യങ്ങളോടെ ഒരുക്കേണ്ടത് അനിവാര്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

cm-pinarayi
cm-pinarayi

പാലക്കാട് : സ്‌കൂള്‍ പഠനകാലത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നവയാണ് അങ്കണവാടികളെന്നും അവയെ ആധുനിക സൗകര്യങ്ങളോട് കൂടി ഒരുക്കേണ്ടത് ഏറെ അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിളയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉദയപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ക്ഷേമം ലക്ഷ്യം വെച്ചുള്ള നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ അവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അങ്കണവാടികളില്‍ സമൂലമായ പരിഷ്‌കരണമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ആരോഗ്യ, വനിതാ -ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരിപാടിയില്‍  മുഖ്യാതിഥിയായ മന്ത്രി ഓണ്‍ലൈനായാണ് പങ്കെടുത്തത്. കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഇടങ്ങള്‍ ആയിരിക്കണം അങ്കണവാടികള്‍ എന്നും മന്ത്രി പറഞ്ഞു.

2024-25 സാമ്പത്തിക വര്‍ഷം സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ 20 ലക്ഷം രൂപയും വിളയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 12,31,328 രൂപയും ഉള്‍പ്പെടെ 32,31,328 രൂപ ചിലവില്‍ 1500 സ്‌ക്വയര്‍ ഫീറ്റിലാണ് ഉദയപുരം സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിച്ചിരിക്കുന്നത്.  പത്ത് വര്‍ഷത്തിലേറെയായി ഒരു ക്ലബിലായിരുന്നു അങ്കണവാടി  പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് പ്രദേശവാസിയായ അനില്‍ കുമാര്‍ തന്റെ അമ്മയുടെ സ്മരാണാര്‍ത്ഥം സംഭാവനയായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.  താഴെത്തെ നിലയില്‍ അംങ്കണവാടിയും മുകളിലെ നിലയില്‍ മൂന്ന് വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള ക്രഷ് (ഡേ കെയര്‍) എന്നിവയാണ് പ്രവര്‍ത്തിക്കുക. ഒരു അധ്യാപികയുടേയും ഹെല്‍പ്പറുടേയും സേവനം ഇവിടെ ഉണ്ടാകും. ഡൈനിങ്, പ്ലേ ഏരിയ, ശിശു സൗഹൃദ ടോയ്‌ലെറ്റ്, റാംപ് എന്നീ സൗകര്യങ്ങളുണ്ട്.
മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍, വിളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബി ഗിരിജ, വൈസ് പ്രസിഡന്റ് കെ.പി. നൗഫല്‍, വിളയൂര്‍  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.എം. നാരായണന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. ജയശ്രീ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags