സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും

google news
pinarayi vijayan

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പിരപ്പന്‍കോട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.ആര്‍. അനില്‍, എം.ബി. രാജേഷ്, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളാകും.


ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി താഴെത്തട്ടില്‍ എത്തിക്കും. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായ വാര്‍ഷിക ആരോഗ്യ പരിശോധന, അര്‍ബുദ നിയന്ത്രണ പദ്ധതി, ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍, വയോജനസാന്ത്വന പരിചരണ പരിപാടി, രോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, എകാരോഗ്യം എന്നീ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനായി വെല്‍ഫയര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലെ ക്ലിനിക്കുകള്‍ വഴി സാധാരണ ജനങ്ങളുടെ അരികിലേക്ക് പ്രാഥമികാരോഗ്യ സേവനങ്ങള്‍ എത്തിക്കും.

Tags