വൈജ്ഞാനിക സമൂഹസൃഷ്ടിയിൽ മാതൃഭാഷയ്ക്ക് നിർണ്ണായക പങ്ക്: മുഖ്യമന്ത്രി

cm

വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുന്നതിൽ മാതൃഭാഷയ്ക്ക് നിർണ്ണായക പങ്കുണ്ടെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും അറിവ് പകരാൻ മാതൃഭാഷയാണ് ഏറ്റവും മികച്ച മാർഗ്ഗമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ വൈജ്ഞാനിക പുരസ്‌കാരങ്ങൾ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

tRootC1469263">

കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമായി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ. അറിവ് ഉൽപ്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിയുന്ന തരത്തിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഗവേഷണങ്ങൾക്കുള്ള ഫെലോഷിപ്പുകളും അവാർഡുകളും സർക്കാർ ഏർപ്പെടുത്തുന്നത്.

നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും നടത്തിയ ഇടപെടലുകളും, ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ നടന്ന ഐക്യകേരള പ്രസ്ഥാനവും മലയാള ഭാഷയെ ജനകീയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭക്തിപ്രസ്ഥാനം മുതൽ ആധുനിക ഗ്രാഫിക് സാഹിത്യം വരെ എത്തിനിൽക്കുന്ന ചരിത്രമാണ് മലയാളത്തിനുള്ളത്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട എല്ലാ ഭാഷകൾക്കും രാജ്യത്ത് തുല്യസ്ഥാനമാണുള്ളത്. എന്നാൽ ഇക്കാര്യം അവഗണിച്ച് ഒരു ഭാഷയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവണത കാണുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

1968-ൽ സ്ഥാപിതമായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി മലയാള ഭാഷയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകളാണ് നൽകുന്നത്. മാറുന്ന കാലത്തിനനുസരിച്ച് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മലയാള ഭാഷയെ വികസിപ്പിക്കണം. പുസ്തക പ്രസാധനത്തിന് അപ്പുറം, ഭാഷാ ഗവേഷണം നടത്തുന്ന ഒരു അക്കാദമിക് സ്ഥാപനമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മാറണമെന്നും അതിന് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ അധ്യക്ഷനായിരുന്ന എൻ.വി. കൃഷ്ണവാരിയരുടെ പേരിലുള്ള വൈജ്ഞാനിക പുരസ്‌കാരം ഡോ ഗോപകുമാർ ചോലയിലിനും (കൃതി - ഉരുകുംകാലം: അതിതാപനവും അതിജീവനവും), എം.പി. കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം ആർ. പാർവതിദേവിയ്ക്കും (കൃതി - റീത്തയുടെ പാഠങ്ങൾ : ഓർമ്മക്കുറിപ്പുകൾ 1975-1985), ഡോ. കെ.എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം ഡോ. കെ.എസ് ഇന്ദുലേഖയ്ക്കും (ഗവേഷണപ്രബന്ധം - ശില്പകലയും സംസ്‌കാരചരിത്രവും: കേരളത്തിലെ മാതൃകകൾ മുൻനിർത്തിയുള്ള പഠനം) മുഖ്യമന്ത്രി സമ്മാനിച്ചു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ സ്വാഗതം ആശംസിച്ചു. മേയർ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. എന്നിവർ സന്നിഹിതരായി.

Tags