പ്രതിഷേധിക്കാനുളള ജനാധിപത്യ അവകാശങ്ങളെ കായികപരമായി നേരിട്ടാല്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
കണ്ണൂര്‍:നവകേരള സദസിന്റെ പേരില്‍ സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. കല്യാശ്ശേരിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമനലുകള്‍ തല്ലിച്ചതച്ചു. വനിതാ പ്രവര്‍ത്തകരെ പോലും ഒരു സംഘം ഗുണ്ടകള്‍ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണ്.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് . അതിന്റെ പേരില്‍ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാന്‍ സി.പി.എം ഗുണ്ടകള്‍ക്ക് ആരാണ് അനുമതി നല്‍കിയത്. സി.പി.എം ബോധപൂര്‍വം അക്രമം അഴിച്ചുവിടുമ്പോള്‍ ചലിക്കാതെ നിന്ന പോലീസ് ക്രിമിനല്‍ കുറ്റമാണ് ചെയ്തത്.
യു.ഡി.എഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കില്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും , ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും പ്രതിപക്ഷനേതാവ് മുന്നറിയിപ്പുനല്‍കി.