നാടിന്റെ സ്പന്ദനം തൊട്ടറിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും

google news
mmmm

കണ്ണൂര്‍ : സമൂഹത്തിന്റെ നാനാവിഭാഗങ്ങളെ പ്രതിനിധീകരിച്ച് എത്തിയവരുടെ വാക്കുകളിലൂടെ നാടിന്റെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നവകേരള സദസ്സിന്റെ കണ്ണൂര്‍ ജില്ലയിലെ പ്രയാണത്തിന് തുടക്കമിട്ട് പയ്യന്നൂരില്‍ ഹോട്ടല്‍ ജുജു ഇന്റര്‍നാഷണലിലായിരുന്നു ക്ഷണിക്കപ്പെട്ടവരുമായുള്ള കൂടിക്കാഴ്ചയും പ്രഭാത യോഗവും. വലിയ തോതിലുള്ള കരുത്താണ് നവകേരള സദസ്സിലൂടെ സര്‍ക്കാറിന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഞ്ചേശ്വരത്ത് നിന്ന് തുടങ്ങിയ നവകേരള സദസ്സിലേക്ക് വലിയ തോതില്‍ ജനങ്ങള്‍ ഒഴുകി വന്ന് പിന്തുണ നല്‍കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ അറിയാനും അറിയിക്കാനുമുള്ള നവകേരള സദസ്സ് മാതൃകാപരമാണെന്ന് ഹോട്ടല്‍ വ്യവസായികളെ പ്രതിനിധീകരിച്ച് കെ പി ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി മേഖലകളില്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് വ്യവസായം നടത്താന്‍ ഏറ്റവും അനുകൂലമായ സംസ്ഥാനമാണ് കേരളമെന്ന് സംരംഭകനായ അനീഷ് സെര്‍വോസോണിക് പറഞ്ഞു. അതേസമയം, ചെറിയ നൂലാമാലകളുള്ള പഴയ ചില നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ മേഖലകളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊപ്പം നിര്‍ണായക സ്വാധീനം ചെലുത്തുന്ന സമാന്തര മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഗണന നല്‍കണമെന്ന് എതിര്‍ദിശ പത്രാധിപര്‍ പി കെ സുരേഷ് കുമാര്‍ പറഞ്ഞു.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന കാഴ്ചപ്പാടുമായി മുഖ്യമന്ത്രി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും സ്വാഗതാര്‍ഹമാണെന്ന് ഫാദര്‍ ജോസഫ് കാപ്പുകാലയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. ചെറുകിട പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കെ വി ദേവി (പാചക തൊഴിലാളി യൂണിയന്‍), കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോജ് പ്രിന്‍സിപ്പല്‍ ടി കെ പ്രേമലത, സ്വാമി കൃഷ്ണാനന്ദ ഭാരതി, നടന്‍ സന്തോഷ് കീഴാറ്റൂര്‍ (സിനിമ, നാടകം), കര്‍ഷകന്‍ അന്‍വര്‍ ഹാജി അരവഞ്ചാല്‍, ഇന്ത്യന്‍ വോളി കോച്ച് ടി ബാലചന്ദ്രന്‍, സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ചിത്രകാരന്‍ എബി എന്‍ ജോസഫ്, സംഗീതജ്ഞനും ചലച്ചിത്രഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍, നാടകകൃത്ത് ഇബ്രാഹിം വെങ്ങര,

ചെറുപുഴയിലെ ഊരുമൂപ്പന്‍ ബാലന്‍, കണ്ണൂര്‍ സര്‍വകലാശാല ഡീന്‍ നഫീസ എന്നിവരും സംസാരിച്ചു. യോഗത്തിന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സ്വാഗതം ആശംസിച്ചു. പി സന്തോഷ്‌കുമാര്‍ എംപി, എംഎല്‍എമാരായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ടി ഐ മധുസൂദനന്‍, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുന്‍ എംഎല്‍എമാരായ എം വി ജയരാജന്‍, സി കൃഷ്ണന്‍, ടി വി രാജേഷ്, മുന്‍ എം പി കെ കെ രാഗേഷ്, പി ശശി, സി എന്‍ ചന്ദ്രന്‍, പ്രൊഫ മുഹമ്മദ് അഹമ്മദ്, സദനം എ വി മാധവ പൊതുവാള്‍, പ്രശസ്ത നര്‍ത്തകന്‍ വി പി ധനഞ്ജയന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags