ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

gopalakrishnan

വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതി ലഭിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലാ കളക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതി ലഭിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

'പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് എല്ലാ പാര്‍ട്ടികളോടും പറഞ്ഞതാണ്. നമ്മുടെ മീഡിയാ ടീമിന്റെ മുന്നില്‍ ഈ വീഡിയോ വന്നിട്ടുണ്ട്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ നിയമപ്രകാരം വേണ്ട നടപടി സ്വീകരിക്കും': രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി ഗോപാലകൃഷ്ണന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

Tags