ചെറുതുരുത്തിയിലെ ഒന്നാം ക്ലാസുകാരിയുടെ മരണം പേവിഷബാധ മൂലമെന്ന് സ്ഥിരീകരണം
തൃശ്ശൂർ : ചെറുതുരുത്തിയിൽ ഒന്നാം ക്ലാസുകാരിയുടെ മരണം പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. വെട്ടിക്കാട്ടിരി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഏഴുവയസ്സുകാരി സൻഹ മെഹ്റിനാണ് കഴിഞ്ഞ മാസം 28-ന് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. മരണസമയത്ത് സൻഹ വെള്ളത്തിനോട് കടുത്ത വിരക്തി കാണിക്കുകയും വായിൽനിന്ന് നുരയും പതയും വരികയും ചെയ്തിരുന്നു.
ആശുപത്രി അധികൃതർ നൽകിയ വിവരത്തെത്തുടർന്ന് ആരോഗ്യവകുപ്പ് കുട്ടിയുടെ സ്രവങ്ങൾ സെൻട്രൽ ലാബിലേക്ക് അയച്ച് പരിശോധിച്ചു. ഈ പരിശോധനാ ഫലത്തിലാണ് മരണകാരണം പേവിഷബാധയാണെന്ന് വ്യക്തമായത്. എന്നാൽ കുട്ടിക്ക് എപ്പോൾ, എവിടെനിന്നാണ് രോഗബാധയേറ്റതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കുട്ടി വീടിനടുത്തുള്ള പൂച്ചകളുമായി കളിക്കാറുണ്ടായിരുന്നുവെന്നും അതാണോ രോഗകാരണമെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി സൻഹയുമായി സമ്പർക്കം പുലർത്തിയിരുന്ന പതിനഞ്ചോളം പേർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിക്കഴിഞ്ഞു.
.jpg)

