ചേരാനല്ലൂർ വാഹനാപകടം: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി; താൻ മുൻപും വാഹനം ഓടിച്ചിട്ടുണ്ടെന്ന് കുട്ടി

Cheranallur road accident: Minor boy's statement recorded again; boy says he has driven a vehicle before

കൊച്ചി: വാഹനാപകടത്തിൽ ചേരാനല്ലൂർ സ്വദേശി ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കാറോടിച്ച 17 കാരന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കേസുകളിൽ നിയമപ്രകാരമുള്ള കർശന നടപടിക്രമങ്ങൾ പാലിക്കണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് ഈ നടപടി. താൻ ആദ്യമായിട്ടല്ല വാഹനം ഓടിക്കുന്നതെന്നും ഇതിനു മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും കുട്ടി അന്വേഷണ സംഘത്തിനു മൊഴി നൽകിയതായാണ് വിവരം. ഈ വാഹനം ഉപയോഗിച്ച് താൻ മുൻപും സ്കൂളിൽ പോയിട്ടുണ്ടെന്നും കുട്ടി സമ്മതിച്ചിട്ടുണ്ട്. എന്നാൽ, പിതാവ് അറിയാതെയാണ് താൻ വാഹനങ്ങൾ ഓടിച്ചിരുന്നതെന്നാണ് കുട്ടി വ്യക്തമാക്കിയിട്ടുള്ളത്.

ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി, കോടതി അനുമതിയോടെയാണ് ഈ മൊഴിയെടുക്കൽ പൂർത്തിയാക്കിയത്. ഈ റിപ്പോർട്ട് ഉടൻ തന്നെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. ജുവനൈൽ ജസ്റ്റിസ് ബോർഡും സെഷൻസ് കോടതിയും കുട്ടിക്ക് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞ ഒക്ടോബർ 25-ന് പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽവച്ചായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. ശക്തമായ മഴയത്ത് അമിതവേഗത്തിൽ ബെൻസ് കാർ ഓടിച്ച 17 കാരൻ, ജയബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജയബാലകൃഷ്ണൻ അന്നു തന്നെ മരണപ്പെട്ടു. കുട്ടിയുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ, ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി, സിസിടിവി ദൃശ്യങ്ങൾ, ഇൻസ്റ്റാഗ്രാം റീലുകൾ അടക്കം നിരവധിയായ തെളിവുകൾ പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. അപകടത്തിന് കാരണമായ കാറിന്റെ ഉടമയായ അഡീഷനൽ ജില്ലാ ജഡ്ജിയെയും കേസിൽ പ്രതിചേർത്തിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത മകൻ സ്ഥിരമായി വാഹനങ്ങൾ ഓടിക്കുന്നയാളാണെങ്കിൽ അത് വീട്ടുകാർ അറിഞ്ഞിട്ടുണ്ടാകും എന്ന നിലപാടിലാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.

Tags