ചേരാനല്ലൂർ വാഹനാപകടം: അന്വേഷണത്തിൽ വീഴ്ച; കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി
തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകട അന്വേഷണത്തിലെ പൊലീസ് വീഴ്ചയെ തുടർന്ന് ഉന്നതതലത്തിൽ കടുത്ത നടപടിയുമായി സർക്കാർ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി. പകരം ദക്ഷിണമേഖലാ ഐജിയായ ആർ. നിശാന്തിനി ഐപിഎസിനെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി. നിശാന്തിനിക്ക് പകരം പി. പ്രകാശ് ദക്ഷിണമേഖലാ ഐജിയാകും.
കേസിന്റെ അന്വേഷണ മേൽനോട്ടത്തിൽ കമ്മീഷണർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി എഡിജിപി പി. വിജയന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയുണ്ടായെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിഐ ശ്യാംകുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുൺ, എഎസ്ഐ മനോജ് എന്നിവർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
.jpg)


