ചേരാനല്ലൂർ വാഹനാപകടം: വക്കാലത്തിൽ ഒപ്പുവെച്ചത് താൻ തന്നെയെന്ന് ജയബാലകൃഷ്ണന്റെ മകൾ; ബന്ധുവിന്റെ വാദം തള്ളി ഭദ്രകീർത്തി
കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ കേസ് നടത്തുന്ന അഭിഭാഷകനുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ തള്ളി മകൾ ഭദ്രകീർത്തി. അഡ്വ. എം.ജി. ശ്രീജിത്ത് തന്നെയാണ് തങ്ങളുടെ അഭിഭാഷകനെന്നും, തങ്ങളെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഭദ്രകീർത്തി വ്യക്തമാക്കി. വക്കാലത്തിൽ ഒപ്പിട്ടത് താൻ തന്നെയാണ്. എന്നാൽ കോടതിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും അവർ പറഞ്ഞു. സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകിയ മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ഉണ്ടെന്ന് വ്യക്തമാക്കിയതായും ഭദ്ര കൂട്ടിച്ചേർത്തു.
കുടുംബം ആർക്കും വക്കാലത്ത് നൽകിയിട്ടില്ലെന്നും ഭീഷണിപ്പെടുത്തി ഒപ്പിടീച്ചതാണെന്നും ആരോപിച്ച് ജയബാലകൃഷ്ണന്റെ ബന്ധുവായ ജയലക്ഷ്മി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. എന്നാൽ ജയബാലകൃഷ്ണന്റെ മകൾ തന്നെയാണ് തങ്ങളെ കേസ് ഏൽപ്പിച്ചതെന്നും ആവശ്യമെങ്കിൽ ഭദ്രകീർത്തിയെ നേരിട്ട് കോടതിയിലെത്തിക്കാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബന്ധുവിന്റെ ആരോപണങ്ങളെ തള്ളി ഭദ്രകീർത്തി തന്നെ നേരിട്ട് രംഗത്തെത്തിയത്.
.jpg)

