ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: മുന്‍കൂര്‍ ജാമ്യംതേടി 17-കാരന്റെ പിതാവായ ജഡ്ജി ഹൈക്കോടതിയില്‍

Cheranalloor road accident Police conduct search at the flat of a judge whose 17 year-old son was involved

17-കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറുടമയായ ജഡ്ജിക്കെതിരേ കഴിഞ്ഞദിവസമാണ് കേസെടുത്തത്.

ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി 17-കാരന്റെ പിതാവായ ജഡ്ജി. കേസില്‍ രണ്ടാംപ്രതിയായ അഡീഷണല്‍ ജില്ലാ ജഡ്ജിയാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.

17-കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറുടമയായ ജഡ്ജിക്കെതിരേ കഴിഞ്ഞദിവസമാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാലാണ് വാഹന ഉടമയായ പിതാവും പ്രതിയായത്. തുടര്‍ന്ന് ജഡ്ജിയെ പൊലീസ് സംഘം കഴിഞ്ഞദിവസം ഫ്ളാറ്റിലെത്തി ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെ ബുധനാഴ്ച ഉച്ചയോടെ ജഡ്ജിയെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയും ചോദ്യംചെയ്തു.

അതിനിടെ, ജഡ്ജിയുടെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 17-കാരന്‍ കാര്‍ ഓടിക്കുമ്പോള്‍ ചിത്രീകരിച്ച മൂന്ന് വീഡിയോകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് നിര്‍ണായക തെളിവായി മാറും. അമിതവേഗത്തിലാണ് കാറോടിച്ചിരുന്നതെന്ന് ഈ വീഡിയോകളില്‍ വ്യക്തമാണെന്നാണ് വിവരം.
ചേരാനല്ലൂര്‍ വാഹനാപകടക്കേസിലെ പൊലീസ് വീഴ്ചയില്‍ ബുധനാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെയാണ് മാറ്റിയത്. ആര്‍ നിശാന്തിനിയാണ് പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍. ചേരാനല്ലൂര്‍ അപകടവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേരാനല്ലൂര്‍ സ്റ്റേഷനിലെ നാല് പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനിടെ, 17-കാരന്റെ ജാമ്യം റദ്ദാക്കാനായും പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
 

Tags