ചേരാനല്ലൂര്‍ വാഹനാപകടം: 17കാരന്‍ ബെന്‍സുമായി പുറത്തിറങ്ങിയത് പുലര്‍ച്ചെ 1.30ന്; ഡ്രൈവിംഗ് പഠിച്ചത് യൂട്യൂബിലൂടെയെന്ന് മൊഴി

accident

ശക്തമായ മഴയുള്ള സമയത്താണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി കാറെടുത്ത് പുറത്തിറങ്ങിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നാടിനെ നടുക്കിയ ചേരാനല്ലൂര്‍ ബെന്‍സ് അപകടത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി ആലുവ കമ്പനിപ്പടിയിലെ ഫ്‌ലാറ്റില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 1.36-നാണ് 17കാരന്‍ ബെന്‍സ് കാറുമായി പുറത്തേക്ക് പോയത്. ശക്തമായ മഴയുള്ള സമയത്താണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി കാറെടുത്ത് പുറത്തിറങ്ങിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഞായറാഴ്ച വൈകിട്ടേ താന്‍ ഉണരുകയുള്ളൂ എന്ന് മകന് മെസ്സേജ് അയച്ചശേഷം ഉറങ്ങാന്‍ പോയതാണെന്നും, മകന്‍ കാറുമായി പുറത്തേക്ക് പോയ വിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് കുട്ടിയുടെ പിതാവായ ജഡ്ജിയുടെ വിശദീകരണം. എന്നാല്‍, കസ്റ്റഡിയിലുള്ള 17കാരന്‍ നല്‍കിയ മൊഴികളില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കാര്‍ ഓടിക്കാനുള്ള കൗതുകം കൊണ്ടാണ് വണ്ടിയെടുത്തിറങ്ങിയതെന്നും യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ഡ്രൈവിംഗ് പഠിച്ചതെന്നുമാണ് കുട്ടി പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. മുമ്പും ഇയാള്‍ പലതവണ വാഹനം ഓടിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

അപകടം നടന്ന ഉടന്‍ തന്നെ ഇന്‍സ്റ്റഗ്രാമിലെ ഈ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. കൂടാതെ, അപകടസമയത്ത് 104 കിലോമീറ്ററിലധികം വേഗതയിലാണ് കാര്‍ പായിച്ചതെന്ന് കുട്ടി സ്വന്തം ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
2012 മോഡല്‍ കറുത്ത ബെന്‍സ് കാര്‍ 2022-ലാണ് ജഡ്ജി വാങ്ങുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കോടതിയില്‍ പോകുന്നതിനടക്കം ഉപയോഗിച്ചിരുന്ന വാഹനമാണിത്. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയതിന് മോട്ടോര്‍ വാഹന നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പ്രകാരം ആര്‍സി ഉടമയായ ജഡ്ജിയെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് ചേരാനല്ലൂരില്‍ ദാരുണമായ അപകടം നടക്കുന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്‍ എന്ന സ്‌കൂട്ടര്‍ യാത്രികനാണ് അപകടത്തില്‍ മരിച്ചത്. അമിതവേഗത്തിലെത്തിയ ബെന്‍സ് കാര്‍ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറിന് പിന്നില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകരുകയും, യാത്രികന്‍ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

Tags